തിരുവനന്തപുരം > വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനും കലാലയങ്ങളിലേക്ക് സംഘപരിവാർ അജണ്ട ഒളിച്ചുകടത്താനും ശ്രമിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ്‌ഖാന്റെ തീക്കളിക്കെതിരെ വിദ്യാർഥികളുടെ പ്രതിഷേധം. തലസ്ഥാനത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്ന ചടങ്ങിനെത്തിയ ഗവർണർക്കെതിരെ എസ്‌എഫ്‌ഐ പ്രവർത്തകർ രണ്ടുവട്ടം കരിങ്കൊടി കാട്ടി.
യങ് ഇന്ത്യൻ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് ഇന്ത്യയുടെ വാർഷിക സമ്മേളനം ഉദ്‌ഘാടനം ചെയ്യാൻ എത്തിയപ്പോഴായിരുന്നു പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. വൈകിട്ട് നാലോടെ വഴുതക്കാട് ഹോട്ടലിന് മുന്നിലായിരുന്നു ആദ്യ കരിങ്കൊടി പ്രതിഷേധം. ശക്തമായ പൊലീസ് വലയം ഭേദിച്ച പ്രവർത്തകർ ഗവർണറുടെ വാഹനത്തിനരികിലെത്തി കരിങ്കൊടി കാട്ടി. വിദ്യാർഥികളുടെ പ്രതിഷേധം ശക്തമായതോടെ ഗവർണറുടെ വാഹനവ്യൂഹം നിമിഷ നേരം നിർത്തി.
പ്രവർത്തകരെ മാറ്റിയ ശേഷമാണ് ഗവർണർക്ക് യാത്ര തുടരാനായത്. പരിപാടി കഴിഞ്ഞ് ഇറങ്ങുമ്പോൾ വിമൻസ് കോളേജിന് മുന്നിലും കരിങ്കൊടി കാണിച്ചു.എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി എസ് കെ ആദർശ്, ജില്ലാ പ്രസിഡന്റ് എം എ നന്ദൻ എന്നിവരടക്കം 20 പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി. വിദ്യാർഥികൾക്ക് ഐക്യദാർഢ്യവുമായി ഡിവൈഎഫ്‌ഐ നേതാക്കളും പ്രവർത്തകരുമെത്തി. അറസ്റ്റിലായ പ്രവർത്തകരെ പിന്നീട് ജാമ്യത്തിൽ വിട്ടു.
കാവിവൽക്കരണത്തിന് ശ്രമിക്കുന്ന ഗവർണറെ സർവകലാശാല ക്യാംപസുകളിൽ കാലുകുത്താൻ അനുവദിക്കില്ലെന്നും പൊതുവിടങ്ങളിൽ തുടർന്നും കരിങ്കൊടി പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ, പ്രസിഡന്റ് കെ അനുശ്രീ എന്നിവർ പറഞ്ഞു.