തിരുവനന്തപുരം: കേരള ബാങ്കിന്റെ പേരിൽ വ്യാജ വാട്‌സ്‌ആപ് സന്ദേശമയച്ച് ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് നീക്കമുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ. ലോൺ നൽകാമെന്ന് വാട്‌സ്‌ആപ് വഴി സന്ദേശം അയച്ചാണ് തട്ടിപ്പിന് ശ്രമം. പ്രതികരിക്കുന്നവരോട് ചില രേഖകൾ അയക്കാൻ ആവശ്യപ്പെടും. തുടർന്ന് കേരള ബാങ്കിന്റെ ലോഗോ ഉൾപ്പെടുത്തി, ലോൺ അനുവദിച്ചെന്ന വ്യാജ സർട്ടിഫിക്കറ്റ് അയക്കും. ഉടൻ തുക അക്കൗണ്ടിലെത്തുമെന്നും ഇതിനായി ഇൻഷുറൻസ് തുക ഗൂഗിൾപേ ചെയ്യാനും ആവശ്യപ്പെടും. സംശയം തോന്നിയവർ ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. സംഭവത്തിൽ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് ബാങ്ക്.
ലോൺ സംബന്ധിച്ച അറിയിപ്പ് മലയാളത്തിലാണ് അയക്കുന്നത്. തുടർന്നുള്ളവ ഇംഗ്ലീഷിലും. ഇന്ത്യയിൽ രജിസ്റ്റർ ചെയ്‌ത മൊബൈൽ നമ്പരാണ് ഗൂഗിൾപേ അക്കൗണ്ടിന് ഉപയോഗിക്കുന്നത്. കേരള ബാങ്കിന് വാട്സ്ആപ്, ഓൺലൈൻ വായ്പ വിതരണം ഇല്ലെന്നും ശാഖകളിലൂടെമാത്രമേ നൽകുവെന്നും അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.