തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പ്രതികാര നടപടികൾമൂലമുള്ള സാമ്പത്തിക പ്രയാസമുണ്ടെങ്കിലും സംസ്ഥാനത്ത് ശമ്പളവും പെൻഷനും മുടങ്ങില്ല. ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് ഒരു ഭാഗം പിടിച്ചുവയ്‌ക്കുമെന്ന് ചില മാധ്യമങ്ങൾ വ്യാജപ്രചാരണം നടത്തിയിരുന്നു. ട്രഷറി പൂട്ടുമെന്ന നിലയിലും പ്രചാരണമുണ്ടായി. എന്നാൽ, ഓവർ ഡ്രാഫ്‌റ്റിന്റെ സാഹചര്യം നിലവിലില്ല. ബില്ലുകൾ പാസാക്കുന്നതിനും തടസ്സമുണ്ടാകില്ല.
കേന്ദ്ര സർക്കാരിന്റെ നടപടികൾമൂലം ഈ വർഷം 54,700 കോടിയുടെ വരുമാനക്കുറവാണ് സംസ്ഥാനത്തിനുണ്ടായത്. സംസ്ഥാനം തനതു വരുമാനം ഉയർത്തിയാണ് ഈ സാഹചര്യത്തിലും പിടിച്ചുനിന്നത്.
തനതു വരുമാനത്തിൽ വലിയ മുന്നേറ്റമാണ് സംസ്ഥാനം കൈവരിച്ചത്. പിടിച്ചുവച്ച വിഹിതം അനുവദിക്കണമെന്ന് സംസ്ഥാനം നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും കേന്ദ്ര സർക്കാർ നിഷേധ നിലപാടാണ് കൈക്കൊള്ളുന്നത്. ഈ സാഹചര്യത്തിൽ ദേശീയ പാതയ്‌ക്കായി ഭൂമി ഏറ്റെടുത്തതിന് സംസ്ഥാനം ചെലവാക്കിയ തുകയെങ്കിലും കടമെടുക്കാൻ അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.