തിരുവനന്തപുരം : ശബരിമലയിലെ തിരക്ക് നിയന്ത്രണം പാളിയതിൽ സംസ്ഥാന സർക്കാരിനെതിരെ യുഡിഎഫും ബിജെപിയും. ഗുരുതര കൃത്യവിലോപമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിമര്‍ശിച്ചു.പ്രതിപക്ഷ സംഘം പമ്പയിലെത്തി സ്ഥിതി വിലയിരുത്തും. തീര്‍ഥാടകരോട് സര്‍ക്കാര്‍ ചെയ്തത് പരമദ്രോഹമാണെന്ന് കെ സുരേന്ദ്രൻ വിമര്‍ശിച്ചു. എന്നാൽ തിരക്ക് നിയന്ത്രിക്കാനായെന്നും പല വഴികളിലൂടെ എത്തുന്ന ഭക്തരെ നിയന്ത്രിക്കാനാവില്ലെന്നുമാണ് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ പ്രതികരിച്ചത്.
ഭക്തരുടെ വലിയ തിരക്കും വ്യാപക പരാതികളും ഉയർന്ന സാഹചര്യത്തിൽ യുഡിഎഫ് സംഘം ഉടൻ ശബരിമല സന്ദർശിക്കും. ശബരിമലയിൽ സർക്കാറിന് ഗുരുതരമായ കൃത്യവിലോപം ഉണ്ടായെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. മണ്ഡലകാലത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും നിരന്തരം യോഗം ചേർന്ന് സ്ഥിതി വിലയിരുത്തുന്ന പതിവ് ഇത്തവണ ഉണ്ടായില്ലെന്നാണ് പ്രതിപക്ഷ വിമർശം. പരിചയസമ്പന്നരായ പൊലീസുകാരെ ശബരിമലയില്‍ നിയോഗിച്ചില്ലെന്നാണ് ദേവസ്വം ബോര്‍ഡ് പറയുന്നത്. ഈ പരാതി പരിഹരിക്കാന്‍ ദേവസ്വം മന്ത്രി പോലും സ്ഥലത്തില്ല. ഭക്തരുടെ പരാതികള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. അടിയന്തിരമായി മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരെ പമ്പയിലേക്ക് അയച്ച് അവലോകനയോഗങ്ങള്‍ ചേര്‍ന്ന് ഭക്തര്‍ക്ക് ആവശ്യമായി സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.