ഭോപ്പാൽ: മധ്യപ്രദേശ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് 9 നാളിലെത്തി നിൽക്കുമ്പോഴും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാതെ ബി ജെ പി. തമ്മിൽ തല്ല് കാരണമാണ് ഇത്രയും നാളായിട്ടും ബി ജെ പിക്ക് മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാത്തതെന്ന് വിമർശനം ശക്തമാകുന്നതിനിടെ മുഖ്യമന്ത്രി ആരാകണമെന്ന് ചർച്ചചെയ്യാനായി നിയമസഭ കക്ഷി യോഗം ചേരുകയാണ്. കേന്ദ്ര നിരീക്ഷകരുടക്കമുള്ളവർ സംസ്ഥാന ബി ജെ പി നിയമസഭ കക്ഷി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വീണ്ടും ശിവരാജ് സിംഗ് ചൗഹാൻ തന്നെ വേണമെന്ന ആവശ്യം ശക്തമാക്കി അണികളും രംഗത്തുണ്ട്. ചൗഹാന് വേണ്ടി മുദ്രാവാക്യം വിളിച്ച് അണികൾ ബി ജെ പി ഓഫീസിന് മുന്നിൽ നിലയുറപ്പിച്ചിരിക്കുകയാണ്.
എന്നാൽ പുതുമുഖമാകും മുഖ്യമന്ത്രിയെന്നാണ് ബി ജെ പി നേതൃത്വം നൽകുന്ന സൂചന.മോഹൻ യാദവ് അടക്കമുള്ളവരെയാണ് പരിഗണിക്കുന്നതെന്നും വിവരമുണ്ട്. ദക്ഷിണ ഉജ്ജയിനിയിലെ എം എൽ എയാണ് മോഹൻ യാദവ്. മുൻ വിദ്യാഭ്യാസ മന്ത്രി കൂടിയാണ് ഇദ്ദേഹം. എന്തായാലും ഇന്നത്തെ നിയമസഭ കക്ഷി യോഗത്തിൽ തീരുമാനമുണ്ടാകുമെന്നാണ് ബി ജെ പി നേതൃത്വം നൽകുന്ന ഉറപ്പ്.