ഹരിദ്വാർ: അയൽപക്കത്ത് നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ 70കാരിയെ കടിച്ച് കുടഞ്ഞ് നായ. ഗുരുതര പരിക്കേറ്റ വയോധിക ആശുപത്രിയിലായതിന് പിന്നാലെ പിറ്റ് ബുള്‍ ഇനത്തിലുള്ള നായയെ വളർത്തിയ ആൾക്കെതിരെ പൊലീസിനെ സമീപിച്ച് മകന്‍. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണ് സംഭവം. ഞായറാഴ്ച ഉച്ച കഴിഞ്ഞ് അയൽ വീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് 70 കാരിയെ നായ കടിച്ച് കീറിയത്.
ഹരിദ്വാറിലെ ധന്ദേര സ്വദേശിനിക്കാണ് വളർത്തുനായയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്. സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച 70കാരിയെ റിഷികേശിലെ എയിംസിലേക്ക് മാറ്റിയിരിക്കുകയാണ്. വയോധികയുടെ സ്ഥിതി ഗുരുതരമാണെന്നാണ് ആരോഗ്യ വിദഗ്ധർ വിശദമാക്കുന്നത്. ശരീരം മുഴുവന്‍ മുറിവേറ്റ നിലയിലായിരുന്നു 70 കാരിയെ ആശുപത്രിയിലെത്തിച്ചതെന്നാണ് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കിയത്.
റൂർക്കി സിവിൽ ലൈൻ പൊലീസ് സ്റ്റേഷനിലാണ് 70കാരിയുടെ മകന്‍ പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷം വളർത്തുനായ്ക്കളുടെ ആക്രമണം പതിവാകുന്നതിനിടെ പിറ്റ്ബുൾ, റോട്ട്‌വീലർ, ഡോഗോ അർജന്റീനോ ഇനങ്ങളെ വളർത്തുമൃഗങ്ങളായി പരിപാലിക്കുന്നത് ചില സംസ്ഥാനങ്ങളിൽ നിരോധിച്ചിരുന്നു.
ഉത്തർ പ്രദേശിലെ ഗാസിയാബാദ്, കാണ്‍പൂർ, പഞ്ച്കുള എന്നിവിടങ്ങളിലായിരുന്നു പിറ്റ്ബുൾ, റോട്ട്‌വീലർ, ഡോഗോ അർജന്റീനോ എന്നീ നായ ഇനങ്ങളെ നിരോധിച്ചത്. വളർത്തുമൃഗ ഉടമകൾക്കായി നിരവധി മാർഗ്ഗനിർദ്ദേശങ്ങളും ഈ കോർപ്പറേഷനുകൾ നിർദ്ദേശിക്കുകയും ചെയ്തിരുന്നു.