സൗജന്യമായി ആധാർ കാർഡ് പുതുക്കാനുള്ള സമയപരിധി ഈ ആഴ്ച അവസാനിക്കും. പത്ത് വർഷത്തിലൊരിക്കലെങ്കിലും ആധാർ നിർബന്ധമായി പുതുക്കണമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നിർദേശിച്ചിട്ടുണ്ട്. ആധാറിലെ വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കാനാണ് യുഐഡിഎഐ ആധാർ പുതുക്കാൻ ആവശ്യപ്പെടുന്നത്. 2023 ഡിസംബർ 14 വരെ സൗജന്യമായി പുതുക്കാനുള്ള അവസരം ഉണ്ട്. അതായത് മൂന്ന് ദിവസം കൂടി ശേഷിക്കുന്നുണ്ട്.
സൗജന്യ സേവനം ലഭ്യമാകുക myAadhaar പോർട്ടലിൽ മാത്രമാണ്. അതായത് ഓൺലൈൻ വഴി മാത്രമാണ് സൗജന്യമായി ആധാർ പുതുക്കാനാകുക. ഒഫ്‌ലൈനായി നേരിട്ട് ആധാർ കേന്ദ്രത്തിൽ എത്തി പുതുക്കാൻ ഫീസ് ആവശ്യമായി വരും. 50 രൂപയാണ് ഫീസ് ഇനത്തിൽ ഈടാക്കുക.
പേര്, ജനനത്തീയതി, വിലാസം മുതലായ ജനസംഖ്യാപരമായ വിവരങ്ങളാണ് ഓൺലൈൻ ആയി തിരുത്താൻ സാധിക്കുക. ഫോട്ടോ, ബയോമെട്രിക്, ഐറിസ് തുടങ്ങിയ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെങ്കിൽ ആധാർ കേന്ദ്രങ്ങളിൽ പോകേണ്ടി വരും.
യുഐഡിഎഐ വെബ്‌സൈറ്റിൽ ആധാർ കാർഡിലെ പേര്, വിലാസം, ജനനത്തീയതി എന്നിവ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യുന്നത് എങ്ങനെയെന്ന് ഇതാ;
ഘട്ടം 1: https://myaadhaar.uidai.gov.in/ എന്നതിൽ ലോഗിൻ ചെയ്യുക
ഘട്ടം 2: ‘ഡോക്യുമെന്റ് അപ്ഡേറ്റ്’ ഓപ്ഷൻ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ നിലവിലുള്ള വിശദാംശങ്ങൾ പ്രദർശിപ്പിക്കും.
ഘട്ടം 3: വിശദാംശങ്ങൾ പരിശോധിച്ച് അടുത്ത ഹൈപ്പർലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 4: ഡ്രോപ്പ്ഡൗൺ ലിസ്റ്റിൽ നിന്ന് ഐഡന്റിറ്റി പ്രൂഫ്, അഡ്രസ് ഡോക്യുമെന്റുകളുടെ തെളിവ് എന്നിവ തിരഞ്ഞെടുക്കുക.
ഘട്ടം 5: സ്‌കാൻ ചെയ്‌ത പകർപ്പുകൾ അപ്‌ലോഡ് ചെയ്‌ത് പേയ്‌മെന്റ് നടത്താൻ തുടരുക.