ഗ്യാൻവാപി: ഗ്യാൻവാപി പള്ളി പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച മൂന്നു പേരിൽ അവസാനത്തെയാളും മരിച്ചു. പരാതിക്കാരിൽ ഒരാളായ ഹരിഹർ പാണ്ഡെ(77)യാണ് അന്തരിച്ചത്. ഹരജിക്കാരിൽ സോമനാഥ് വ്യാസ്, പ്രഫ. രാംരംഗ് ശർമ എന്നിവർ നേരത്തെ മരിച്ചിരുന്നു. ‘ആദി വിശ്വേശ്വര ക്ഷേത്ര’ ഭൂമിയിൽ നിന്ന് ഗ്യാൻവാപി പള്ളി പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് 1991ലാണ് സോമനാഥ് വ്യാസും പ്രഫ. രാംരംഗ് ശർമയും ഹരിഹർ പാണ്ഡെയും ചേർന്ന് ഹർജി നൽകിയത്. ദീർഘനാളായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. അണുബാധയെത്തുടർന്ന് പിതാവിന്റെ നില വഷളായിരുന്നുവെന്ന് ഹരിഹർ പാണ്ഡെയുടെ മകൻ കരൺശങ്കർ പാണ്ഡെ പറഞ്ഞു.
ഗ്യാൻവാപി പള്ളിയിൽ നടത്തിയ ശാസ്ത്രീയ സർവേയെക്കുറിച്ച് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വാരണാസി ജില്ലാ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് ആദ്യ ഹർജിക്കാരിൽ മൂന്നാമനും മരിക്കുന്നത്. റിപ്പോർട്ട് സമർപ്പിക്കാൻ നവംബർ 30ന് എഎസ്ഐക്ക് കോടതി 10 ദിവസം കൂടി അനുവദിച്ചിരുന്നു.