കൊളസ്ട്രോള്‍, നമുക്കറിയാം ഒരു ജീവിതശൈലീരോഗമാണ്. എന്നാല്‍ കൊളസ്ട്രോളിനെ നിസാരമായി നമുക്ക് കാണാനേ സാധിക്കില്ല. കാരണം ശ്രദ്ധിച്ചില്ലെങ്കില്‍ കൊളസ്ട്രോള്‍ നമ്മുടെ ജീവന് തന്നെ ഭീഷണിയായി ഉയരും. ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്ക് അടക്കം ഗൗരവമുള്ള പല അവസ്ഥകളിലേക്കും നമ്മെ എത്തിക്കാൻ കൊളസ്ട്രോളിന് കഴിയും.
ഇക്കാരണം കൊണ്ടുതന്നെ കൊളസ്ട്രോള്‍ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. പ്രധാനമായും ഭക്ഷണത്തിലൂടെയാണ് നമുക്ക് കൊളസ്ട്രോള്‍ നിയന്ത്രിക്കാൻ സാധിക്കുക. ഇതിനായി പല ഭക്ഷണങ്ങളും നമുക്ക് ഡയറ്റില്‍ നിന്ന് എടുത്തുമാറ്റേണ്ടതായി വരാം. പലതും ഡയറ്റിലുള്‍പ്പെടുത്തേണ്ടതായി വരാം. ഇത്തരത്തില്‍ കൊളസ്ട്രോള്‍ നിയന്ത്രിക്കാൻ ഡയറ്റിലുള്‍പ്പെടുത്താവുന്ന ചില പാനീയങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. വളരെ ‘നാച്വറല്‍’ ആയിത്തന്നെ കൊളസ്ട്രോളിനെ പിടിച്ചുകെട്ടാനാണ് ഇവ നമ്മെ സഹായിക്കുക.
ഒന്ന്…
ഗ്രീൻ ടീ:- ഒരുപാട് ആരോഗ്യഗുണങ്ങള്‍ ഗ്രീൻ ടീയ്ക്ക് ഉണ്ട്. ഇതിലുള്ള ‘പോളിഫിനോള്‍സ്’ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കുമത്രേ. ഈ ചീത്ത കൊളസ്ട്രോള്‍ ആണ് നമ്മളില്‍ കൊളസ്ട്രോള്‍ ഉണ്ടാക്കുന്നതും. എന്ന് മാത്രമല്ല ശരീരത്തിലെ നല്ല കൊളസ്ട്രോള്‍ കൂട്ടുന്നതിനും ‘പോളിഫിനോള്‍സ്’ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
രണ്ട്…
ബ്ലാക്ക് ടീ:- നമ്മള്‍ സാധാരണയായി കുടിക്കുന്നൊരു പാനീയം തന്നെയാണ് ബ്ലാക്ക് ടീ അഥവാ കട്ടൻ ചായ. പ്രമുഖ ശാസ്ത്ര പ്രസിദ്ധീകരണമായ ‘സെല്ലുലാര്‍ ഫിസിയോളജി ആന്‍റ് ബയോകെമിസ്ട്രി’യില്‍ വന്നൊരു പഠനപ്രകാരം കട്ടൻ ചായയില്‍ അടങ്ങിയിരിക്കുന്ന ‘കാറ്റെചിൻസ്’ എന്ന കോമ്പൗണ്ടുകള്‍ കൊളസ്ട്രോള്‍ കുറയ്ക്കാൻ സഹായിക്കും. ഏത് ചായയാണെങ്കിലും മധുരം ഒഴിവാക്കി കഴിക്കുന്നതാണ് നല്ലത്. അമിതമായി കുടിക്കുകയും അരുത്. ദിവസത്തില്‍ രണ്ട് കപ്പ്- പരമാവധി മൂന്ന് കപ്പ് (മധുരമില്ലാതെ).
മൂന്ന്…
ബീറ്റ്റൂട്ട് ജ്യൂസ്:- ‘ഹീലിംഗ് ഫുഡ്സ്’ (ഡികെ പബ്ലിഷിംഗ്) എന്ന പുസ്തകത്തില്‍ പറയുന്നത് പ്രകാരം ബീറ്റ്റൂട്ട് ജ്യൂസ് ബിപിയും കൊളസ്ട്രോളുമെല്ലാം നിയന്ത്രിക്കുന്നതിന് വളരെയധികം സഹായിക്കുന്നൊരു പാനീയമാണ്.
നാല്…
ഓറഞ്ച് ജ്യൂസ് :- ഓറഞ്ച് അടക്കമുള്ള സിട്രസ് ഫ്രൂട്ട്സിലുള്ള ‘ഹെസ്പെരിഡിൻ’, ‘പെക്ടിൻ’ എന്നിങ്ങനെയുള്ള ഘടകങ്ങള്‍ ധമനികള്‍ കട്ടിയായി വരുന്നതിനെ തടയുന്നു. ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്നു.
അഞ്ച്…
നാരങ്ങ വെള്ളം:- ചെറുനാരങ്ങ വെള്ളം (ഇളംചൂടുവെള്ളത്തില്‍ ചെറുനാരങ്ങ പിഴിഞ്ഞത് – മധുരം ചേര്‍ക്കാതെ) ദിവസവും രാവിലെ കഴിക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാൻ സഹായിക്കും. ചെറുനാരങ്ങയിലുള്ള വൈറ്റമിൻ-സി, ആന്‍റി-ഓക്സിഡന്‍റ്സ് എന്നിങ്ങനെയുള്ള വിവിധ ഘടകങ്ങള്‍ ചേര്‍ന്നാണ് നേരിട്ടും അല്ലാതെയും ഇതിന് സഹായിക്കുന്നത്.
കൊളസ്ട്രോള്‍ ഉള്ളവര്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കണം. അത് ചെയ്യാതെ , ഭക്ഷണത്തില്‍ നിയന്ത്രണം പാലിക്കാതെ ഇത്തരം ഹെല്‍ത്തിയായ പാനീയങ്ങള്‍ മാത്രം കഴിച്ചുനോക്കിയിട്ട് കാര്യമില്ല. ഡോക്ടര്‍ മരുന്ന് നല്‍കിയിട്ടുണ്ടെങ്കില്‍ അത് മുടങ്ങാതെ കഴിക്കുകയും വേണം. ഈ പാനീയങ്ങളെല്ലാം നിങ്ങള്‍ക്ക് ഹെല്‍ത്തിയായ ഡയറ്റില്‍ ചേര്‍ക്കാം, അതിന് അതിന്‍റേതായ ഫലം കിട്ടുമെന്ന് മാത്രം.