കൊച്ചി: കുസാറ്റിൽ സംഗീതനിശക്കിടെയുണ്ടായ ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെ എസ് യു നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറാണ് ഹർജി നൽകിയത്. സംഭവത്തിൽ സർക്കാരും സർവ്വകലാശാലയും നടത്തിയ അന്വേഷണ റിപ്പോർട്ട് ഇന്ന് ഹാജരാക്കാൻ കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. പരിപാടിക്ക് സുരക്ഷ ആവശ്യപ്പെട്ട് സ്കൂൾ ഓഫ് എൻജിനിയറിങ് പ്രിൻസിപ്പാൾ നൽകിയ കത്ത് രജിസ്ട്രാർ അവഗണിച്ചതാണ് ദുരന്തത്തിന്റെ കാരണമെന്ന് ആരോപണം. നഷ്ടമായ ഓരോ ജീവനും വിലപ്പെട്ടതാണെന്നും സംഭവത്തിന്‍റെ പേരിൽ വിദ്യാർത്ഥികളെ കുറ്റപ്പെടുത്തരുതെന്നും വിദ്യാർത്ഥികളോടൊപ്പമാണ് തന്റെ മനസ്സെന്നും ഹർജി പരിഗണിക്കവെ നേരത്തെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കിയിരുന്നു.
കേരളത്തെ ഒന്നടങ്കം ദു:ഖത്തിലാഴ്ത്തിയ കുസാറ്റ് ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടാണ് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ഹൈക്കോടതിയെ സമീപിച്ചത്. കുസാറ്റ് ക്യാമ്പസിൽ ഗാനമേളക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് വിദ്യാർത്ഥികളുൾപ്പടെ നാലു പേർ മരണമടകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്നും കെ എസ് യു ആരോപിക്കുന്നു.
കുറ്റക്കാരായ രജിസ്ട്രാര്‍, യൂത്ത് വെല്‍ഫെയര്‍ ഡയറക്ടര്‍, സെക്യൂരിറ്റി ഓഫീസര്‍ എന്നിവര്‍ക്കെതിരെ ഇതുവരെ നടപടി ഉണ്ടായിട്ടില്ല. വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുക്കാതെ വിദ്യാർത്ഥികളാണ് അപകടത്തിവ് ഉത്തരവാദികൾ എന്ന മുൻ വിധിയോടെ വാര്‍ത്താക്കുറിപ്പ് പോലും ഇറക്കുന്ന സാഹചര്യം യൂണിവേഴ്സിറ്റിയുടെ ഭാഗത്ത് നിന്ന് ഉണ്ടായെന്നും കെഎസ് യു ചൂണ്ടിക്കാട്ടിയിരുന്നു.