തിരുവനന്തപുരം : തിരുവനന്തപുരത്ത് ഗവർണ്ണർക്ക് എതിരായ എസ് എഫ് ഐ പ്രതിഷേധത്തിലും സംഘർഷത്തിലും രാജ് ഭവൻ സർക്കാറിനോട് റിപ്പോർട്ട് തേടിയെക്കും. കാറിന് മേൽ പ്രതിഷേധക്കാർ ചാടി വീണ സംഭവത്തിൽ ഗുരുതര സുരക്ഷ വീഴ്ച ഉണ്ടായെന്ന് ഗവർണർ പരസ്യമായി വിമർശിച്ചിരുന്നു. കേന്ദ്ര സർക്കാരും റിപ്പോർട്ട് ആവശ്യപ്പെട്ടേക്കും. ഗവർണർക്കെതിരായ പ്രതിഷേധത്തിന്റെ സാഹചര്യത്തിൽ ദില്ലിയിലും സുരക്ഷ കൂട്ടും ഗവർണർക്ക് അകമ്പടിയായി ദില്ലി പൊലീസിൻ്റെ രണ്ടംഗ കമാൻഡോ സംഘത്തെയും ഉൾപ്പെടുത്തും.
ഇതിനിടെ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ അടക്കം ചേർത്ത് സിറ്റി പൊലീസ് കമ്മീഷണർ ഇന്ന് എഡിജിപിക്ക് റിപ്പോർട്ട് നൽകും. ഗവർണ്ണർക്ക് എതിരായ പ്രതിഷേധം തുടരുമെന്നാണ് എസ് എഫ് ഐ നിലപാട്. ഗവർണർ നടു റോഡിൽ ഇറങ്ങി സുരക്ഷ പ്രശ്നം ഉന്നയിച്ചത് സർക്കാറിനെതിരെ രാഷ്ട്രീയ ആയുധമാക്കാനാണ് യുഡിഎഫിന്റെയും ബിജെപിയുടെയും തീരുമാനം.
രാജ്ഭവനിൽ നിന്നും വിമാനത്താവളത്തിലേക്കുള്ള ഗവർണ്ണറുടെ യാത്രക്കിടെയായിരുന്നു അസാധാരണവും നാടകീയവുമായ സംഭവങ്ങൾ അരങ്ങേറിയത്. പൊലീസ് സുരക്ഷയോടെയായിരുന്നു ഗവര്‍ണറുടെ യാത്ര. മൂന്നിടത്ത് ഗവർണ്ണർക്കെതിരെ പ്രതിഷേധമുണ്ടായി. ആദ്യം പാളയത്ത് എസ്എഫ്ഐക്കാർ ഗവർണ്ണറുടെ വാഹനത്തിലിടിച്ച് വരെ പ്രതിഷേധിച്ചു.
പിന്നെ ജനറൽ ആശുപത്രി പരിസരത്തും ഒടുവിൽ പേട്ട പൊലീസ് സ്റ്റേഷന് സമീപവും പ്രതിഷേധക്കാർ വാഹനത്തിന് നേരെ പാഞ്ഞടത്തു പ്രതിഷേധിച്ചു. ഇതോടെ വാഹനം നിർത്തി ഗവർണ്ണർ കാറിൽ നിന്ന് പുറത്തേക്കിറങ്ങി പ്രതിഷേധക്കാരുടെ അടുത്തേക്ക് നീങ്ങി. പ്രതിഷേധക്കാർക്കും പൊലീസിനും മുഖ്യമന്ത്രിക്കുമെതിരെ ക്ഷുഭിതനായി ഗവർണ്ണർ പ്രതികരിച്ചു. ഗവർണ്ണർ കാറിൽ നിന്നിറങ്ങിയതോടെ പ്രതിഷേധക്കാർ ചിതറിയോടി. പൊലീസ് 19 പേരെ കസ്റ്റിഡിയിലെടുത്തു.