സന്നിധാനം: ശബരിമലയിൽ നേര്‍ച്ചയുമായി ഒരായിരം ഭക്തര്‍ എത്താറുണ്ട്. അത് സ്വര്‍ണവും വെള്ളിയും പണവും ആടുമാടുകൾ തുടങ്ങി എന്തുമാകാം. അയ്യപ്പന് മുന്നിൽ നേര്‍ച്ച വയ്ക്കാൻ കലാകാരൻമാര്‍ എത്തുന്നത് അവരുടെ സൃഷ്ടികളുമായാണ്. ചിത്രം വരച്ചും കലാപാരിപാടികൾ അവതരിപ്പിച്ചും അവര്‍ മടങ്ങും. ഇത്തവണത്തെ ശബരിമല സന്നിധാനത്തെ തിരക്കുകൾക്കിടയിലും ഒരു സംഗീതാർച്ചന ഏറെ ശ്രദ്ധ നേടി.അയ്യപ്പന് മുന്നില്‍ നേര്‍ച്ചയായി പാട്ട് പാടി താരമായത് നാലാം ക്ലാസ്സുകാരിയായ മാളികപ്പുറം പ്രാര്‍ത്ഥന അജയനാണ്. സന്നിധാനത്തെ ശാസ്താ ഓഡിറ്റോറിയത്തില്‍ കോഴിക്കോട് രാമനാട്ടുക്കര ശ്രീരാഗം മ്യൂസിക് ബാന്റ് അവതരിപ്പിച്ച ഗാനസന്ധ്യയിലാണ് കുഞ്ഞ് നാദം സന്നിധാനത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇരുമുടി കെട്ടുമായി കോഴിക്കോട് നിന്ന് അച്ഛന്‍ അജയന്റെ ഒപ്പം രണ്ടാം തവണയാണ് പ്രാര്‍ത്ഥന മലകയറുന്നത്.
നാനാ ഭാഗങ്ങളിലെ ഭക്തജനങ്ങളുടെ കൈയടിക്ക് മുന്നില്‍ അയ്യപ്പന് വേണ്ടി തേടിവരും കണ്ണുകളില്‍… എന്ന ഗാനവും കണ്ണന് വേണ്ടി ചെത്തി മന്ദാരം തുളസിയും പാടി പതിനെട്ടാം പടിയും കയറിയാണ് പ്രാര്‍ത്ഥന മടങ്ങിയത്. കോഴിക്കോട് വെനര്‍നി ഹൈ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് പ്രാര്‍ത്ഥന. ഒമ്പത് വയസ്സാണ് പ്രായം. ഒരു വര്‍ഷത്തോളമായി പാട്ട് പഠിക്കുന്നു. ശ്രീജിത്ത് മാടംമ്പത്താണ് മ്യൂസിക് ബാന്റിന് നേതൃത്വം കൊടുക്കുന്നത്. ബാന്റിന്റെ എട്ടംഗ സംഘവും വേദിയില്‍ ഗാനങ്ങള്‍ ആലപിച്ചു.