കോഴിക്കോട് > വ്യാപാരസ്ഥാപനം തുടങ്ങാനുള്ള ലൈസൻസ് അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ ഹെൽത്ത് ഇൻസ്‌പെക്ടർ വിജിലൻസ് പിടിയിൽ. കോർപറേഷൻ പരിധിയിലെ കാരപ്പറമ്പ് ഹെൽത്ത് സർക്കിൾ ഓഫീസിലെ ഹെൽത്ത് ഇൻസ്‌പെക്ടർ പെരുമ്പൊയിൽ കമലം ഹൗസിൽ പി എം ഷാജിയെയാണ് വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഇ സുനിൽകുമാറും സംഘവും പിടികൂടിയത്.
മലപ്പുറം മുന്നിയൂരിലെ കൈതകത്ത് വീട്ടിൽ ഹാഫിൽ അഹമ്മദിൽനിന്ന് 1500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്. വീട്ടിൽനിന്ന് വിജിലൻസ് എട്ടുലക്ഷം രൂപയോളം കണ്ടെടുത്തു. നഗരത്തിൽ സ്‌റ്റേഷനറി മൊത്തവ്യാപാര സ്ഥാപനം ആരംഭിക്കാൻ ലൈസൻസിന് അപേക്ഷിച്ച ഹാഫിലിനോട് ഷാജി അയ്യായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. പലതവണ ആവശ്യപ്പെട്ടെങ്കിലും ഹാഫിൽ പ്രയാസം അറിയിച്ചതോടെ കൈക്കൂലി തുക പകുതിയാക്കി കുറച്ചു. ഇതിൽ ആയിരം രൂപ നേരത്തെ നൽകി. ബാക്കി തുക ചൊവ്വാഴ്‌ച കാരപ്പറമ്പിലെ ഹെൽത്ത് ഓഫീസിൽ എത്തിക്കാൻ ആവശ്യപ്പെട്ടു. ഇതോടെയാണ് ഹാഫിൽ വിജിലൻസിനെ അറിയിച്ചത്. തുക കൈപ്പറ്റുന്നതിനിടെ വിജിലൻസ് സംഘം അറസ്‌റ്റ് ചെയ്‌ത് കോടതിയിൽ ഹാജരാക്കി.
ഷാജി വിവിധ ആവശ്യങ്ങൾക്കായി ഓഫീസിലെത്തുന്നവരോട് കൈക്കൂലി ആവശ്യപ്പെട്ടിരുന്നതായി വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. വിജിലൻസ് ഇൻസ്‌പെക്ടർ എം ആർ മൃദുൽ കുമാർ, പി രാജേഷ്, സബ് ഇൻസ്‌പെക്ടർ സുനിൽ കുമാർ, രാധാകൃഷ്‌ണൻ, സുജിത്ത് പെരുവടത്ത്, എഎസ്‌ഐമാരായ അനിൽ കുമാർ, രഞ്‌ജിത്ത്, സിപിഒമാരായ ധനേഷ്, ഷൈജിത്ത്, രാഹുൽ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.