ചർമ്മ സംരക്ഷണം അത്ര എളുപ്പമുള്ള കാര്യമല്ല. മുഖത്തെ ചുളിവുകൾ, കറുത്തപാടുകൾ, കരവാളിപ്പ് ഇങ്ങനെ വിവിധ ചർമ്മപ്രശ്നങ്ങളാണ് പലരേയും അലട്ടുന്നത്. വീട്ടിലെ അടുക്കളയിൽ വളരെ സുലഭമായി ലഭിക്കുന്ന ചില ചേരുവകൾ ഉപയോഗിച്ച് തന്നെ ചർമ്മപ്രശ്നങ്ങൾ അകറ്റാം…
ഒന്ന്…
വിറ്റാമിൻ എ, സി എന്നിവയാൽ സമ്പുഷ്ടമാണ് കറ്റാർവാഴ. കറ്റാർവാഴ ജെല്ലും അൽപം റോസ് വാട്ടറും ഉപയോഗിച്ച് മുഖത്ത് പുരട്ടുക. ഇത് മുഖത്തെ കരുവാളിപ്പ് മാറ്റാൻ സഹായിക്കും.
രണ്ട്…
ചർമ്മത്തിലെ കറുത്ത പാടുകളും അതുപോലെ സൂര്യതാപമേറ്റുള്ള കരിവാളിപ്പും മാറ്റാൻ അരിപ്പൊടിക്ക് സാധിക്കും. അരിപ്പൊടിയിലുള്ള അലോന്റോയിൻ, ഫെറൂലിക് ആസിഡ് എന്നിവയാണ് സൂര്യതാപത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നത്. കൂടാതെ ഇതിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ ബി ചർമ്മത്തിൽ പുത്തൻ കോശങ്ങൾ നിർമിക്കാനും സഹായിക്കും.
മൂന്ന്…
മുഖത്തെ പാടുകൾ ഇല്ലാതാക്കി തിളക്കവും മൃദുത്വവും നൽകാൻ കടലമാവ് വളരെയധികം സഹായിക്കും. ചർമ്മത്തിലെ അമിത എണ്ണമയം ഇല്ലാതാക്കാൻ കടലമാവ് വളരെയധികം സഹായിക്കും. കടലമാവും പാൽപ്പാടയും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി ഇടുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക.
നാല്…
തൈരിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പുകൾ, പ്രോട്ടീൻ, വൈറ്റമിനുകൾ, ധാതുക്കൾ എന്നിവയെല്ലാം ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കും. തെെരും മഞ്ഞൾ പൊടിയും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. ശേഷം ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകുക.
അഞ്ച്…
വെള്ളരിക്ക കറുത്ത പാട് നീക്കം ചെയ്യാൻ ഏറ്റവും നല്ലതാണ്. കുക്കുമ്പർ പ്രകൃതിദത്തമായ ചർമ്മ ടോണറാണ്. കൂടാതെ കറുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ഗുണങ്ങൾ വെള്ളരിക്കയിലുണ്ട്. വെള്ളരിക്ക നീരും റോസ് വാട്ടറും ചേർത്ത് മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകുക.