തിരുവനന്തപുരം: ശബരിമലയിൽ നേരിട്ട തിരക്കിനെക്കുറിച്ച് ഫേസ്ബുക്കിൽ കുറിപ്പുമായി ബിന്ദു അമ്മിണി. ശബരിമലയിൽ യുവതീ പ്രവേശനമാകാമെന്ന സുപ്രീം കോടതി വിധിക്ക് ശേഷം ആദ്യമായി ദർശനം നടത്തിയ യുവതികളിലൊരാളാണ് ബിന്ദു അമ്മിണി. 2018 ഡിസംബർ 25 നു ശബരിമലയിലേക്ക് പോകുന്നതിനിടക്കുണ്ടായ തിരക്കിനെക്കുറിച്ചാണ് ബിന്ദു അമ്മിണി എഴുതിയത്.ജീവനക്കാർ അടക്കം ചിലർ ചേർന്ന് നടത്തിയ ഒരു ഗൂഢാലോചനയുടെ ഫലമായിരുന്നു അന്നുണ്ടായ തിരക്കെന്ന് ഇവർ വ്യക്തമാക്കി. സന്നിധാനത്ത് നിന്നും പുറത്തേക്കു പോകാൻ അനുവദിക്കാതെ മൈക്കിലൂടെ അനൗൺസ് ചെയ്തു ഭക്തരെ നിശ്ചിത സമയം അവിടെ തന്നെ നിർത്തുന്നു. പിന്നീട് തങ്ങൾ പോകുന്ന വഴിയിൽ ആസൂത്രിത അക്രമങ്ങൾ ഉണ്ടാകാൻ ഇടയുള്ള സമയം നോക്കി കൂട്ടത്തോടെ ഭക്തരെ പോകാൻ അനുവദിക്കുകയും ചെയ്തെന്ന് ബിന്ദു അമ്മിണി ആരോപിച്ചു.
പ്രശ്നബാധിത സ്ഥലത്തേക്ക് മലയിറങ്ങി വരുന്ന ഭക്തരും സ്വയരക്ഷക്കായി പ്രശ്നക്കാർക്കൊപ്പം ചേർന്ന് ശരണം വിളിക്കുകയും മുകളിൽ നിന്നും ഇറങ്ങിവന്ന മുഴുവൻ ആളുകളും സ്ത്രീകളെ തടയുന്നവർ ആയി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെന്നും ഇവർ ആരോപിച്ചു. വാട്ടർ അതോറിറ്റിയുടെ പമ്പ് ഹൗസുകളിൽ കരാറുകാരിലൂടെ തമ്പടിച്ച ഗൂഡാലോചനക്കാർ ഇവർക്കിടയിലേക്കു ഇറങ്ങുക കൂടി ചെയ്യുന്നതോടെ ആസൂത്രണം ചെയ്യുന്നതുപോലെ എല്ലാം നടക്കുന്നു. ജീവനക്കാർ, പൊലീസുകാർ, കരാറുകാർ തുടങ്ങിയവർക്കിടയിലെ ഗൂഢാലോചനക്കാരെ കണ്ടെത്തി തക്കതായ നടപടി സ്വീകരിച്ചാലല്ലാതെ ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ പോകുന്നില്ലെന്നും ഇവർ പറഞ്ഞു.