രാജ്യത്തെ ഏറ്റവും വേഗതയേറിയ സോളാർ ഇലക്ട്രിക് ബോട്ട് കേരളത്തിലാണ് നിർമ്മിച്ചതെന്ന് അഭിമാനാർഹമാണെന്ന് വ്യവസായ മന്ത്രി പി രാജീവ്. കേരളത്തിൽ ഉയർന്നുവരുന്ന സംരംഭങ്ങളുടെ സാങ്കേതിക മികവ് കൂടി വ്യക്തമാക്കുന്നതാണ് ‘ബരക്കുഡ’ യെന്ന ഈ അത്യാധുനിക പരിസ്ഥിതി സൗഹൃദ ബോട്ടെന്നും മന്ത്രി എഫ് ബി പോസ്റ്റിൽ പറഞ്ഞു.
പോസ്റ്റ് ചുവടെ
ഇന്ന് അരൂരിൽ നവകേരള സദസ്സ് നടക്കുമ്പോൾ അതിന് തൊട്ടടുത്തായി ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ സോളാർ-ഇലക്ട്രിക് ബോട്ടായ ബരക്കുഡ നീറ്റിലിറങ്ങുകയാണ്. കേരളത്തിൽ ഉയർന്നുവരുന്ന സംരംഭങ്ങളുടെ സാങ്കേതിക മികവ് കൂടി വ്യക്തമാക്കുന്നതാണ് ഈ അത്യാധുനിക പരിസ്ഥിതി സൗഹൃദ ബോട്ട്. മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡും കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന നവാൾട്ടും സംയുക്തമായി വികസിപ്പിച്ച ബോട്ട് ആലപ്പുഴ അരൂരിലുള്ള പാണാവള്ളി യാർഡിലാണ് നിർമ്മാണം പൂർത്തിയാക്കിയത്. അതിവേഗത്തിൽ നീങ്ങുന്ന കടൽ മത്സ്യമായ ബരക്കുഡയുടെ പേരാണ് ഈ ബോട്ടിന് നൽകിയിരിക്കുന്നത്.
12 നോട്ടിക്കൽ മൈൽ ഉയർന്ന വേഗതയും ഒറ്റ ചാർജിൽ 7 മണിക്കൂർ റേഞ്ചും ബോട്ടിനുണ്ട്. 14 മീറ്റർ നീളവും 4.4 മീറ്റർ വീതിയുമുള്ള ബോട്ടിൽ ഒരുസമയം 12 പേർക്ക് യാത്ര ചെയ്യാം. ഇരട്ട 50 കിലോ വാട്ട് ഇലക്ട്രിക് മോട്ടോറുകൾ, ഒരു മറൈൻ ഗ്രേഡ് എൽ.എഫ്.പി ബാറ്ററി, 6 കിലോ വാട്ട് സോളാർ പവർ എന്നിവയുടെ ശക്തി ഉൾക്കൊള്ളുന്നതാണ്. നാല് മീറ്റർ വരെ ഉയരമുള്ള തിരമാലകളിലൂടെ സഞ്ചരിക്കാം.
നവാൾട്ടിന്റെ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന വിവിധ ഇലക്ട്രിക് ബോട്ടുകൾ സാങ്കേതിക വിദ്യയ്ക്കും ഡിസൈനും കാർബൺ വിമുക്ത സമുദ്ര ഗതാഗതത്തിനുമുള്ള അന്താരാഷ്ട്ര അംഗീകാരങ്ങളും നേടിയിട്ടുണ്ട്.