ദില്ലി : കർഷകരെ സഹായിക്കാനുള്ള നിരവധി പദ്ധതികൾ ബജറ്റിലുണ്ടെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. രാജ്യത്തിന്റെ വികസനത്തിന് സഹായകമായ ബജറ്റാണ്. ധനമന്ത്രി അവതരിപ്പിച്ചത് കർഷക സൗഹൃദ ബജറ്റാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രധാന്‍മന്ത്രി ഗതിശക്തി മിഷന്‍, എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള വികസനം, ഉല്‍പാദന ക്ഷമത കൂട്ടല്‍, സാമ്പത്തിക നിക്ഷേപം എന്നീ നാല് മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടാണ് 2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ചത്.
അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കിയുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റിലിടം നേടി. പിഎം ഗതിശക്തി പദ്ധതിയിലൂടെ വിപുലമായ അടിസ്ഥാന സൗകര്യ വികസനവും ബജറ്റ് ലക്ഷ്യം വെയ്ക്കുന്നു. അതേസമയം കേരളം ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഇനിയും കാത്തിരിക്കണം. നിര്‍മല സീതാരാമന്റെ തുടര്‍ച്ചയായ നാലാം ബജറ്റില്‍ കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ സില്‍വര്‍ ലൈന്‍ സംബന്ധിച്ച് പ്രഖ്യാപമില്ല. പദ്ധതി സംബന്ധിച്ച കാര്യങ്ങള്‍ പ്രാരംഭഘട്ടത്തിലാണെന്നതിനാലാണ് പദ്ധതി ബജറ്റിന്റെ ഭാഗമാക്കാതിരുന്നതെന്നാണ് സൂചന. പരിസ്ഥിതി മന്ത്രാലയത്തിന്റേതുള്‍പ്പെടെയുള്ള അനുമതി ഇതുവരെ പദ്ധതിയ്ക്ക് ലഭിച്ചിട്ടില്ലെന്നത് കേന്ദ്രസര്‍ക്കാര്‍ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.