തിരുവനന്തപുരം: കാനം രാജേന്ദ്രന്‍റെ അപ്രതീക്ഷിത വിയോഗത്തോടെ സംഘടന സമവാക്യങ്ങളും സ്ഥാനാര്‍ത്ഥി സാധ്യതകളും കീഴ്മേൽ മറിയുകയാണ് സിപിഐയിൽ. തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് എത്തിയപ്പോൾ തലസ്ഥാനത്ത് മത്സരിക്കാൻ ദില്ലിയിൽ നിന്ന് ആളെത്തിയേക്കുമെന്ന അഭ്യൂഹം ശക്തമായി. തൃശ്ശൂര്‍ അടക്കമുള്ള മണ്ഡലങ്ങളിൽ കാനം പക്ഷത്തിന്‍റെ പ്രതീക്ഷകളും മങ്ങുകയാണ്.
കാനമില്ലാത്ത കാലമാണ്, അപ്രതീക്ഷിതമായി കൈവന്ന സംസ്ഥാന സെക്രട്ടറി പദവി അത്ര പെട്ടെന്ന് ഉപക്ഷേച്ച് തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പിനിറങ്ങാൻ ബിനോയ് വിശ്വം തയ്യറാകുമെന്ന് വിശ്വസിക്കാൻ വയ്യ. യുഡിഎഫും ബിജെപിയും തിരുവനന്തപുരത്ത് ദേശീയ നേതാക്കളെ ഇറക്കി ലോക്സഭാ പോരാട്ടത്തിന് ഇറങ്ങുമ്പോൾ ഇടത് പ്രതിച്ഛായ കാക്കാനുള്ള ബാധ്യത സിപിഐ സംഘടന സംവിധാനത്തിന് ഉണ്ട്. തുടക്കത്തിലേ പേര് പറഞ്ഞ് കേട്ടിരുന്നെങ്കിലും കാനം പക്ഷത്തിന്‍റെ പ്രകടമായ എതിര്‍പ്പായിരുന്നു ആനി രാജയെ സാധ്യത പട്ടികയുടെ വാലറ്റത്ത് നിര്‍ത്തിയിരുന്നത്. ഇനി അതില്ലെന്ന് മാത്രമല്ല, ആനി രാജയോ അതല്ലെങ്കിൽ മകൾ അപരാജിതയോ തിരുവനന്തപുരത്ത് മത്സരത്തിന് ഇറങ്ങാനുള്ള സാധ്യത പാര്‍ട്ടി വൃത്തങ്ങൾ തള്ളുന്നുമില്ല.
പാളയത്തിൽ പടയില്ലെന്ന് ഉറപ്പിച്ച വി എസ് സുനിൽ കുമാറിന് തൃശ്ശൂരിൽ ഇപ്പോൾ ഇടത് സ്ഥാനാര്‍ത്ഥി പരിവേഷമുണ്ട്. കോട്ടയം, കൊല്ലം, ആലപ്പുഴ ജില്ലകളിലായി പരന്നു കിടക്കുന്ന മാവേലിക്കര മണ്ഡലത്തിൽ സി എ അരുൺ കുമാറും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറുമാണ് സാധ്യത സ്ഥാനാര്‍ത്ഥികൾ. ആലപ്പുഴ ജില്ലാ കമ്മിറ്റി അരുൺ കുമാറിനെ പിന്തുണക്കുമ്പോൾ കൊല്ലം ചിറ്റയത്തിന് ഒപ്പമാണ്. ഭൂരിപക്ഷ പിന്തുണക്കൊപ്പം സംസ്ഥാന നേതൃത്വത്തിന്‍റെ ഉള്ളിലിരിപ്പും കൂടി അനുസരിച്ചാകും സ്ഥാനാര്‍ത്ഥി തീരുമാനം. എല്ലാറ്റിനും മേലെ രസം അങ്ങ് വയനാട്ടിലാണ്. അസിസ്റ്റന്റ് സെക്രട്ടറി പിപി സുനീറും മുതിര്‍ന്ന നേതാവ് സത്യൻ മൊകേരിയും അടക്കം തോറ്റ് പിന്മാറിയ മണ്ഡലമാണ്. ഇത്തവണ രാഹുൽ ഗാന്ധി വന്നാലും ഇല്ലെങ്കിലും വയനാട് സ്ഥാനാര്‍ത്ഥിയെ കുറിച്ച് പേരിനൊരു ഊഹം പോലും നിലവിൽ സിപിഐക്കില്ല.