തിരുവനന്തപുരം: കൊല്ലം ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ ഒന്നാം പ്രതി പത്മകുമാറിനെ പുതിയ സെല്ലിലേക്ക് മാറ്റി. തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതിയെ സുരക്ഷാ ബ്ലോക്കിലേക്കാണ് മാറ്റിയത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻ ഡോക്ടർ വന്ദന ദാസിനെ കൊലപ്പെടുത്തിയ പ്രതി സന്ദീപിനൊപ്പമാണ് പത്മകുമാറിനെ പാർപ്പിച്ചിരിക്കുന്നത്. ഇന്ന് ശാസ്താംകോട്ടയിൽ വെച്ച് ട്രെയിനിൽ നിന്നും ചാടി മരിച്ച ശ്രീമഹേഷും ഇതേ സെല്ലിലായിരുന്നു.
കൊല്ലത്ത് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ (51), ഭാര്യ എം.ആർ.അനിതകുമാരി(39), മകൾ പി.അനുപമ(21) എന്നിവരെ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കി ഇന്ന് ജയിലിലേക്ക് മാറ്റി. ഒന്നാം പ്രതി പത്മകുമാറിനെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കും അനിതകുമാരി, അനുപമ എന്നിവരെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കുമാണ് മാറ്റിയത്. ഇതിൽ പത്മകുമാറിനെ സുരക്ഷാ ബ്ലോക്കിലേക്ക് മാറ്റിയതോടെയാണ് ഡോക്ടർ വന്ദന ദാസിനെ കൊലപ്പെടുത്തിയ പ്രതി സന്ദീപിന്‍റെ സെല്ലിലെത്തുന്നത്.
ഇന്ന് ജീവനൊടുക്കിയ ശ്രീമഹേഷും സന്ദീപിനൊപ്പം അതീവ സുരക്ഷാ സെല്ലിലായിരുന്നു കഴിഞ്ഞിരുന്നത്. ആറ് വയസുകാരിയായ മകളെ മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിചാരണ കഴിഞ്ഞ് മടങ്ങവേയാണ് ശ്രീമഹേഷ് ട്രെയിനിൽ നിന്നും ചാടി ജീവനൊടുക്കിയത്. വിചാരണക്ക് ശേഷം തിരുവനന്തപുരം സെൻട്രൽ ജയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ്. ഉച്ചയ്ക്ക് 3 മണിയോടെ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ശ്രീമഹേഷ് പൊലീസുകാരെ തള്ളിമാറ്റി ട്രെയിനിൽ നിന്നും പുറത്തേക്ക് ചാടിയത്.
മെയ് 10 നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻസിക്കിടെ വന്ദനാദാസ് കൊല്ലപ്പെട്ടുന്നത്. കൊല്ലം അസീസിയ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയായിരുന്ന ഡോ.വന്ദന, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി ജോലി ചെയ്യുന്നതിനിടെയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ചികിത്സക്കായി ആശുപത്രിയിൽ പൊലീസെത്തിച്ച പ്രതി ഡോക്ടറെ കുത്തിക്കൊല്ലുകയായിരുന്നു. കൊല്ലം നെടുമ്പന യു പി സ്കൂൾ അദ്ധ്യാപകനായിരുന്നു പ്രതി സന്ദീപ്.