തിരുവനന്തപുരം: രാഷ്‌ട്രീയത്തിന് അതീതമാണ് കലയെന്ന് തെളിയിക്കുകയാണ് കേരള സർക്കാരെന്ന് വിഖ്യാത പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് സനൂസി പറഞ്ഞു. വ്യത്യസ്‌ത രാഷ്‌ട്രീയ കാഴ്‌ചപ്പാടുള്ള തനിക്ക് 28–-ാമത് ഐഎഫ്‌എഫ്‌കെയിലെ സമഗ്ര സംഭാവനാ പുരസ്‌കാരം നൽകാനുള്ള കേരള സർക്കാർ തീരുമാനം വിപ്ലവകരമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര ചലച്ചിത്രമേളയിലെ സമഗ്ര സംഭാവനാ പുരസ്കാരം സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണനിൽനിന്നും ഏറ്റുവാങ്ങിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാരിന്റെ തീരുമാനങ്ങളും തെരഞ്ഞെടുപ്പും കലയുടെ പ്രധാന്യം കൂടുതൽ വ്യക്തമാക്കുകയാണ്. തന്റെ പുസ്തകമായ “ഫിലിംസ് വൈ വിൽ നെവർ മെയ്‌ക്കി’ൽനിന്ന് ഏത് ആശയങ്ങളും ആർക്കും സ്വീകരിക്കാമെന്നും അതിൽ മറ്റ് അവകാശ വാദങ്ങൾ ഉണ്ടാകില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു.