കൊച്ചി: നടുവേദന മാറുന്നതിനുള്ള ഒറ്റമൂലി എന്ന വ്യാജേന ചാരായ വിൽപ്പന നടത്തിയ പ്രതിയെ എക്സൈസ് പിടികൂടി. അതീവ രഹസ്യമായിട്ടാണ് കൊച്ചി മുനമ്പം സ്വദേശി റോക്കി എന്ന് വിളിപ്പേരുള്ള റോക്കി ജിതിൻ ചാരായം വിൽപ്പന നടത്തിയിരുന്നത്. ക്രിസ്തുമസ് പുതുവൽസര ആഘോഷങ്ങളുടെ ഭാഗമായി, അനധികൃത മദ്യ/ മയക്കുമരുന്ന് വിപണനത്തിനും വ്യാപനത്തിനുമെതിരെ എക്സൈസ് നീരീക്ഷണം ശക്തമാക്കിവരവേയാണ് മുനമ്പം പള്ളിപ്പുറം ഭാഗത്ത് നടുവേദനയ്ക്കുള്ള ഒറ്റമൂലി 100 എംഎല്ലിന് 150 രൂപ എന്ന നിരക്കിൽ വ്യാപകമായി വിറ്റഴിക്കപ്പെടുന്നുണ്ടെന്ന് എക്സൈസ് ഇന്റലിജൻസിന് വിവരം ലഭിക്കുന്നത്.
തുടർന്നുള്ള അന്വേഷണത്തിലാണ് ഒറ്റമൂലി ചാരായമാണെന്നും പരിചയക്കാർക്ക് മാത്രമാണ് ഇത് നൽകുന്നതെന്നും കണ്ടെത്തിയത്. ‘ഒറ്റമൂലി വിദഗ്ദന്റെ’ താമസ സ്ഥലം കണ്ടെത്തി പരിശോധന നടത്തിയ എക്സൈസ് സംഘം 7.7 ലിറ്റർ ചാരായവും, എട്ട് ലിറ്ററോളം ചാരായ നിർമ്മാണത്തിന് പാകമാക്കി വച്ചിരുന്ന വാഷും കണ്ടെടുത്തു. ഇയാൾ ചാരായം വാറ്റുന്നതിന് ഉപയോഗിച്ചിരുന്ന വാറ്റുപകരണങ്ങളും എക്സൈസ് കസ്റ്റഡിയിലെടുത്തു.
അയൽപക്കക്കാർക്കും മറ്റും ചാരായം വാറ്റുന്നതിന്റെ ഗന്ധം ലഭിക്കാതിരിക്കാൻ ഒറ്റമൂലി ഉണ്ടാക്കുന്നതെന്ന രീതിയിൽ ആയുർവേദ ഉൽപന്നങ്ങൾ കൂട്ടിയിട്ട് കത്തിച്ചിരുന്നതായും റോക്കി വ്യക്തമാക്കി. സ്പെഷ്യൽ സ്ക്വാഡ് സിഐ ടി പി സജീവ് കുമാർ, ഐ ബി ഇൻസ്പെക്ടർ എസ് മനോജ് കുമാർ, ഐബി പ്രിവന്റീവ് ഓഫീസർ എൻ.ജി.അജിത്ത്കുമാർ, സിറ്റി മെട്രോ ഷാഡോ സി ഇ ഒ എൻ ഡി ടോമി, സ്പെഷ്യൽ സ്ക്വാഡ് സി ഇ ഒ ടി പി ജെയിംസ്, കെ എ മനോജ്, വനിത സി ഇ ഒ അഞ്ജു ആനന്ദൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ഇയാളെ പിന്നീട് റിമാൻഡ് ചെയ്തു.