കോഴിക്കോട്: കോടഞ്ചേരിയില്‍ യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതിയുടെ ഭാര്യയും അറസ്റ്റിലായി. കേസില്‍ അറസ്റ്റിലായ മുഖ്യ പ്രതി കുപ്പായക്കോട്ട് കൈപ്പുറം വേളങ്ങാട്ട് അഭിജിത്തിന്റെ (27) ഭാര്യ സരിതയെ (21)യാണ് കോടഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. മുട്ടിത്തോട് ചാലപ്പുറത്ത് വീട്ടില്‍ നിധിന്‍ തങ്കച്ചനെ (25) മര്‍ദ്ദിച്ച് കൊന്നക്കേസിലാണ് സരിതയുടെ അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട് മുക്കം മൈസൂര്‍മല കോട്ടകുത്ത് മുഹമ്മദ് റാഫി (19), തിരുവമ്പാടി മുല്ലപ്പള്ളി മുഹമ്മദ് അഫ്‌സല്‍ (21), പ്രായപൂര്‍ത്തിയാകാത്ത തിരുവമ്പാടി സ്വദേശിയായ 17-വയസുകാരന്‍ എന്നിവരെ കോടഞ്ചേരി പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്റിലാണ്.
മലപ്പുറം കോട്ടക്കലില്‍ ആയുര്‍വേദ പഞ്ചകര്‍മ്മ തെറാപ്പി കോഴ്‌സിനു പഠിക്കുന്ന നിധിന്‍ തങ്കച്ചന്‍ ഡിസംബര്‍ ആറിനാണ് ക്രൂരമായ മര്‍ദ്ദനമേറ്റ് മരിച്ചത്. മുഖ്യ പ്രതി അഭിജിതിന്റെ ഭാര്യയെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തി എന്നാരോപിച്ചാണ് അഭിജിത്തും കൂട്ടാളികളും ചേര്‍ന്ന് നിധിനെ വിളിച്ചു വരുത്തി കെട്ടിയിട്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ഗൂഢാലോചനയില്‍ സരിതക്കും പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സരിത ഫോണില്‍ വിളിച്ചു വരുത്തിയ ശേഷമാണ് നിധിനെ അഭിജിത്തും സംഘവും ചേര്‍ന്ന് കൊലപ്പെടുത്തിയതെന്നാണ് കേസ്. നിധിന്റെ ഫോണ്‍ കാള്‍ ഡീറ്റെയില്‍സ് പരിശോധിച്ച പൊലീസ് നിധിന്‍ അവസാനമായി വിളിച്ചത് അഭിജിത്തിന്റെ ഭാര്യയെ ആണെന്ന് മനസിലാക്കി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്.
അഭിജിത്തും നിധിനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈങ്ങാപ്പുഴ പെട്രോള്‍ പമ്പില്‍ ജോലി ചെയ്തിരുന്നു. ആദ്യ ഭാര്യയുമായി തെറ്റി പിരിഞ്ഞ അഭിജിത് 2022 നവംബര്‍ മാസം സരിതയെ വിവാഹം കഴിച്ചു താമസിക്കുകയായിരുന്നു. ഇതിനിടയില്‍ സരിതയുമായി ഫോണില്‍ സംസാരിക്കാനിടയായ നിധിന്‍ പിന്നീട് നിരന്തരം അവരെ ശല്യം ചെയ്തിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇക്കാര്യം അറിഞ്ഞ അഭിജിത്ത് ആണ് നിധിനെ കൊല്ലാന്‍ തീരുമാനിച്ചതെന്നും പൊലീസ് പറഞ്ഞു.