തിരുവനന്തപുരം> ശബരിമല സന്നിധാനത്ത് കൃത്രിമ തിരക്ക് സൃഷ്ടിച്ച് സംഘര്‍ഷമുണ്ടാക്കാന്‍ സംഘപരിവാര്‍ ശ്രമം. ബിജെപിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍നിന്നും ആളുകളെ എത്തിച്ച് ബോധപൂര്‍വം തമ്പടിപ്പിച്ചാണ് സംഘര്‍ഷത്തിന് കോപ്പുകൂട്ടുന്നത്. തിരുവനന്തപുരം ആറ്റിങ്ങല്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍നിന്നും ബിജെപി ഭാരവാഹികളുടെ നേതൃത്വത്തിലുള്ള സംഘം ശബരിമലയില്‍ എത്തിയിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിനെതിരെ ശബരിമലയിലെത്തി എന്ന് സമൂഹ മാധ്യമത്തില്‍ കുറിച്ച് ആറ്റിങ്ങല്‍ മണ്ഡലം ഭാരവാഹി അജിത് പ്രസാദ്, ആറ്റിങ്ങല്‍ മണ്ഡലം പ്രസിഡന്റ് സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ ശബരിമലയില്‍ എത്തിയ സംഘത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ താമരവിരിയിപ്പിക്കാന്‍ പമ്പയിലെത്തി എന്നുള്‍പ്പെടെ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റ് വിവാദമായതോടെ പിന്‍വലിച്ചു.
ശബരിമലയില്‍ കാണിക്ക ഇടരുതെന്ന പ്രചാരണങ്ങളും ബിജെപിയുടെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്. ചിലര്‍ ബോധപൂര്‍വം തമ്പടിച്ച് സന്നിധാനത്ത് കൃത്രിമ തിരക്ക് ഉണ്ടാക്കുകയാണെന്നും ഇതിനായി പ്രത്യേക ലോബിയുണ്ടോ എന്ന് സംശയം ഉള്ളതായും മുന്‍ മേല്‍ശാന്തി ശങ്കരന്‍ നമ്പൂതിരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.