ദില്ലി: ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, കാശ്മീർ തുടങ്ങി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വിവാഹത്തട്ടിപ്പ് നടത്തിയ ആളെ കഴിഞ്ഞ ദിവസം ഒഡീഷയില്‍ നിന്നും അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് കേരളത്തിലെ ചില സംഘടനകളുമായി ബന്ധമുണ്ടെന്ന് പോലീസ് പറയുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ആറ് സ്ത്രീകളെ ഇയാള്‍ വിവാഹ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒഡീഷ, ജയ്പൂർ ജില്ലയിലെ ന്യൂൽപൂർ എന്ന ഗ്രാമത്തില്‍ നിന്നാണ് ഇഷാൻ ബുഖാരി എന്ന സയാദ് ഇഷാൻ ബുഖാരിയെ (37) ഒഡീഷ പോലീസ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്) ഇന്നലെ അറസ്റ്റ് ചെയ്തത്.
വിവാഹ തട്ടിപ്പ് നടത്താനായി ഇയാള്‍ ഓരോ തവണയും ഓരോ വ്യാജ ജോലികള്‍ സ്വീകരിച്ചു. അതില്‍ ന്യൂറോ സർജൻ, സൈനിക ഡോക്ടർ, പ്രധാനമന്ത്രിയുടെ ഓഫീസിലെ (പിഎംഒ) ഉദ്യോഗസ്ഥൻ, ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഉന്നത ഉദ്യോഗസ്ഥരുടെ അടുത്ത സുഹൃത്ത് തുടങ്ങിയ പല പദവികളും ഉള്‍പ്പെടുന്നു. ഇഷാൻ ബുഖാരിക്ക് പാകിസ്ഥാനിലെ ചില വ്യക്തികളുമായും കേരളത്തിലെ ചില സംശയാസ്പദമായ സംഘങ്ങളുമായും ബന്ധമുണ്ടെന്ന് അറസ്റ്റിന് നേതൃത്വം നല്‍കിയ എസ്ടിഎഫ് ഇൻസ്പെക്ടർ ജനറൽ ജെഎൻ പങ്കജ് മാധ്യമങ്ങളോട് പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഇഷാൻ ബുഖാരിക്ക് പാകിസ്ഥാന്‍ ചാരസംഘടനയായ പാകിസ്ഥാന്‍ ഇന്‍റര്‍ സര്‍വ്വീസ് ഇന്‍ലിജന്‍സുമായി (ഐഎസ്ഐ) ബന്ധമുള്ളതായി കണ്ടെത്താനായിട്ടില്ലെന്നും പോലീസ് പറയുന്നു.
യുഎസിലെ കോർനെൽ യൂണിവേഴ്‌സിറ്റി, കനേഡിയൻ ഹെൽത്ത് സർവീസസ് ഇൻസ്റ്റിറ്റ്യൂട്ട്, തമിഴിനാട്ടിലെ വെല്ലുരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് എന്നിവിടങ്ങളില്‍ നിന്നുള്ള വ്യാജ മെഡിക്കൽ ബിരുദ സർട്ടിഫിക്കറ്റുകള്‍, അന്താരാഷ്‌ട്ര ബിരുദങ്ങൾ, സത്യവാങ്മൂലങ്ങൾ, ബോണ്ടുകൾ, എടിഎം കാർഡുകൾ, ബ്ലാങ്ക് ചെക്കുകൾ, ആധാർ കാർഡുകൾ, വിസിറ്റിംഗ് കാർഡുകൾ തുടങ്ങി നൂറോളം വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും ബിരുദങ്ങളും ഇയാളില്‍ നിന്ന് കണ്ടെത്തി. ഈ വ്യാജ ബിരുദങ്ങള്‍ ഉപയോഗിച്ച് ഇയാള്‍ ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, കാശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് ആറ് വിവാഹങ്ങള്‍ കഴിച്ചെന്നും പോലീസ് പറയുന്നു.
വ്യാജ ഐഡന്‍റിറ്റികള്‍ ഉപയോഗിച്ച് മിക്ക സാമൂഹിക മാധ്യമങ്ങളിലും ഇയാള്‍ സജീവമായിരുന്നു. ഇതുവഴി വ്യാജബിരുദങ്ങള്‍ ഉപയോഗിച്ച് ഇയാള്‍ നിരവധി യുവതികളുമായി ബന്ധം സ്ഥാപിക്കുകയും ഇവരുമായി പ്രണയത്തിലായിരുന്നെന്നും പോലീസ് പറയുന്നു. ഒപ്പം ഇഷാൻ ബുഖാരിക്ക് ദേശവിരുദ്ധ ശക്തികളുമായി ബന്ധമുണ്ടെന്നും ഇതിന്‍റെ തെളിവുകള്‍ ശേഖരിക്കുകയാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. ഇയാള്‍ പാകിസ്ഥാന്‍ ചാരനാണോയെന്നതും അന്വേഷണ വിധേയമാണെന്നും പോലീസ് പറഞ്ഞു. കാശ്മീരില്‍ ഇയാള്‍ക്ക് എതിരെ ജാമ്യമില്ലാ വാറണ്ട് നിലവിലുണ്ട്. ഇഷാൻ ബുഖാരിയെ പഞ്ചാബ്, കാശ്മീർ, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള സംയുക്ത പോലീസ് സംഘം ചോദ്യം ചെയ്യുകയാണ്.