തിരുവനന്തപുരം: കേരളത്തിൽ ഡിസംബർ17, 18 തീയതികളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തെക്കൻ ശ്രീലങ്കൻ തീരത്തോട് ചേർന്ന് ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇന്ന് (17 ഡിസംബർ) ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് (15.6 -64.4 mm) സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടുണ്ട്. ശ്രീലങ്കക്ക് സമീപമുള്ള ചക്രവാതചുഴിയുടെ സ്വാധീനത്തിൽ ഇടവിട്ട് കിഴക്കൻ കാറ്റ് ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ഈ സമയങ്ങളിൽ കിഴക്കൻ മേഖലയിൽ പ്രത്യേകിച്ച് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒരു പരിധിവരെ പത്തനംതിട്ട, ഇടുക്കി ജില്ലയിലും മഴ ശക്തമാകാൻ സാധ്യതയുണ്ട്. മറ്റ് സമയങ്ങളിൽ മിതമായ / ഇടത്തരം മഴ ഇന്നും നാളെയും തുടരാൻ സാധ്യത. തുടർച്ചയായ മഴ പല മേഖലയിലും വെള്ളകെട്ടിനു കാരണമാകാം. പ്രത്യേകിച്ച് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ജാഗ്രത വേണം.