തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനാണ് ഗവര്‍ണറുടെ ബോധപൂര്‍വമായ ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ വിലയിരുത്തൽ. ഇന്ന് ചേര്‍ന്ന അവൈലബിൾ യോഗത്തിലാണ് ഗവര്‍ണറുടെ നീക്കങ്ങൾ സംബന്ധിച്ച് വിലയിരുത്തിയത്. തുടര്‍ന്ന് മാധ്യമങ്ങളോട് സംസാരിച്ച എകെ ബാലൻ, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ നിശിതമായ വിമര്‍ശനം ഉന്നയിച്ചു. എസ്എഫ്ഐയെ പ്രകീര്‍ത്തിക്കുകയും ചെയ്തു.
സംസ്ഥാനത്ത് ഭരണഘടന സംവിധാനം തകർക്കാൻ ഗവർണര്‍ ബോധപൂർവ്വമായ ശ്രമം നടത്തുന്നുവെന്ന് എകെ ബാലൻ പറഞ്ഞു. പരമാവധി പ്രകോപനം ഉണ്ടാക്കാനാണ് ശ്രമം. മുൻ കേരളാ ഗവര്‍ണര്‍ ജസ്റ്റിസ് സദാശിവത്തിന്റെ കാല് കഴുകിയ വെള്ളം കുടിക്കണം ആരിഫ് മുഹമ്മദ് ഖാൻ. എന്ത് അസുഖമാണ് ഗവർണർക്ക്? 600 പൊലീസുകാരെ മുന്നിൽ നിര്‍ത്തിയാണ് ഗവര്‍ണര്‍ എസ്എഫ്ഐയെ വെല്ലുവിളിക്കുന്നത്. എസ്എഫ്ഐ ഗവർണറെ ശാരീരികമായി ഒന്നും ചെയ്യില്ല. ഇതിന്റെ പേരിൽ ഗവർണർക്ക് ഏർപ്പെടുത്തിയ പൊലീസ് സുരക്ഷ സർക്കാർ പിൻവലിക്കണമെന്നും ഗവർണറുടെ സുരക്ഷ വേണമെങ്കിൽ എസ്എഫ്ഐ ഏർപ്പെടുത്തുമെന്നും എകെ ബാലൻ പറഞ്ഞു.
ആരുടേയും ഔദാര്യത്തിലല്ല എസ്എഫ്ഐ വളർന്നതെന്ന് എസ്എഫ്ഐ പറഞ്ഞു. മുൻപ് ഇഎംഎസിനും നായനാർക്കും വിഎസിനും എതിരായി പോലും എസ്എഫ്ഐ പ്രതിഷേധിച്ചിട്ടുണ്ട്. ഏതെങ്കിലും ഒരു സംഘടനയുടെ വാലാട്ടി പ്രസ്ഥാനമല്ല എസ്എഫ്ഐ. ബാനർ എവിടെ കെട്ടണമെന്ന് കരുതിയാലും എസ്എഫ്ഐ കെട്ടുക തന്നെ ചെയ്യും. രാഷ്ട്രപതി ഭരണം എന്ന് പറഞ്ഞ് ആരെയാണ് പേടിപ്പിക്കുന്നത്? സംസ്ഥാന സര്‍ക്കാരിന്റെ മറച്ചിട്ട് നോക്കട്ടെ അപ്പഴറിയാം എന്താണ് സംഭവിക്കുകയെന്ന്. കണ്ണൂരിന്റെ ചരിത്രത്തെ പറ്റി ഗവർണർക്ക് എന്തറിയാം? ചരിത്രം പഠിച്ച് വരണം. പൊലീസുകാരുടെ ബലത്തിൽ വേഷ്ടിയും ചുറ്റി ഇറങ്ങുന്ന ഗവര്‍ണര്‍ കോപ്രായം അവസാനിപ്പിക്കണമെന്നും എകെ ബാലൻ ആവശ്യപ്പെട്ടു.