ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ധനശേഖരണത്തിനായി കോൺഗ്രസ് നടത്തുന്ന ക്രൗഡ് ഫണ്ടിംഗിന് തുടക്കമായി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ക്യാംപയിൻ ഉദ്ഘാടനം ചെയ്തു.1.38 ലക്ഷം രൂപ ഖര്‍ഗെ സംഭാവന നല്‍കി. . രാജ്യത്തിനായി സംഭാവന ചെയ്യുക എന്ന പേരിലാണ് പരിപാടി. പാർട്ടിയുടെ 138 വർഷത്തെ ചരിത്രം കണക്കിലെടുത്ത് 138 രൂപയുടെ ഗുണിതങ്ങളായാണ് സംഭാവന സ്വീകരിക്കുക. ഓൺലൈനായും ഓഫ്‍ലൈനായും ഫണ്ട് ശേഖരണം നടത്തും. പാർട്ടി സ്ഥാപകദിനമായ ഡിസംബർ 28 വരെ ഓൺലൈനായും അതിന് ശേഷം പ്രവർത്തകർ വീടുകളിൽ കയറിയും ഫണ്ട് ശേഖരിക്കും.
എന്നാൽ കോണ്ഗ്രസിന്‍റെ ഫണ്ട് സമാഹരണത്തിനെ രാഷ്ട്രീയ ആയുധമാക്കുകയാണ് ബിജെപി. 60 വർഷമായി കൊള്ളയടിച്ചവർ രാജ്യത്തു നിന്ന് സംഭാവനകൾ തേടുകയാണെന്നും രാജ്യസഭാ എം.പി ധീരജ് സാഹുവിൽ നിന്ന് 400 കോടി പിടിച്ചെടുത്തതിന്‍റെ നാണക്കേട് മറയ്ക്കാനാണ് പരിപാടിയെന്നും ബിജെപി ആക്ഷേപിച്ചു.