മുഖചര്‍മ്മത്തിന്‍റെ കാര്യത്തില്‍ പരാതികളോ പ്രശ്നങ്ങളോ ഇല്ലാത്തവര്‍ ചുരുക്കമായിരിക്കും. പ്രത്യേകിച്ച് തിരക്കുപിടിച്ച ജീവിതരീതിയുമായി മുന്നോട്ട് പോകുന്നവര്‍ക്ക്. ഇപ്പറയുന്ന തിരക്കുകള്‍ക്കിടയില്‍ ചര്‍മ്മപരിപാലനത്തിന് സമയം മാറ്റിവയ്ക്കാൻ കഴിയാത്തവരായിരിക്കും ഇവര്‍.
മിക്കവര്‍ക്കും മുഖത്ത് മുഖക്കുരു, പാടുകള്‍, കണ്ണിന് താഴെ കറുപ്പ്, തിളക്കം മങ്ങല്‍ എന്നിങ്ങനെയുള്ള പ്രശ്നങ്ങളായിരിക്കും. ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാൻ നമുക്ക് ആശ്രയിക്കാവുന്ന ഒന്നാണ് ആപ്പിള്‍ സൈഡര്‍ വിനിഗര്‍.
ആപ്പിള്‍ സൈഡര്‍ വിനിഗര്‍ ചര്‍മ്മത്തിന് നല്ലതാണെന്ന് അറിയാമെങ്കിലും ഇത് എങ്ങനെ ഉപയോഗിക്കണം, ഇത് എന്തെല്ലാം പ്രശ്നങ്ങള്‍ക്ക് പരിഹാരമായി ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങളൊന്നും പലര്‍ക്കും അറിയില്ലെന്നതാണ് സത്യം.
ആപ്പിള്‍ ജ്യൂസ് പുളിപ്പിച്ചുണ്ടാക്കുന്നതാണ് ആപ്പിള്‍ സൈഡര്‍ വിനിഗര്‍. ഇത് ചര്‍മ്മത്തിന് വളരെയേറെ ഗുണങ്ങള്‍ നല്‍കുന്നതാണ്. ചര്‍മ്മത്തിന്‍റെ പിഎച്ച് ബാലൻസ് സൂക്ഷിക്കുക, മുഖക്കുരുവോ മറ്റ് പാടുകളോ നീക്കം ചെയ്യുക, മുഖത്തെ കേടായിപ്പോയ കോശകലകളെ ഇളക്കിക്കളഞ്ഞ് മുഖം തിളക്കമുള്ളതാക്കുക, ചര്‍മ്മത്തെ ബാധിക്കുന്ന വിവിധ ബാക്ടീരിയല്‍- ഫംഗല്‍ ബാധകള്‍ പോലുള്ള അണുബാധകളെ ചെറുക്കുക, ചര്‍മ്മത്തില്‍ ജലാംശം പിടിച്ചുനിര്‍ത്തുകയും അതുവഴി ചര്‍മ്മം ഉന്മേഷത്തോടെയിരിക്കുകയും ചെയ്യാൻ സഹായിക്കുക എന്നിങ്ങനെ വിവിധ ധര്‍മ്മങ്ങള്‍ ആപ്പിള്‍ സൈഡര്‍ വിനിഗറിനുണ്ട്.
പക്ഷേ ഇത് ഉപയോഗിക്കേണ്ടത് എങ്ങനെ? അതിലേക്ക് വരാം. ആപ്പിള്‍ സൈഡര്‍ വിനിഗര്‍ നമുക്ക് ശരീരത്തിന് അകത്തും പുറത്തും ഉപയോഗിക്കാവുന്നതാണ്.
രാവിലെ ദിവസം തുടങ്ങുമ്പോള്‍ തന്നെ ആപ്പിള്‍ സൈഡര്‍ വിനിഗര്‍ ഉപയോഗിക്കാവുന്നതാണ്. ഇത് എപ്പോള്‍ ഉപയോഗിക്കുമ്പോഴും വെള്ളമൊഴിച്ച് ഇതിനെ നേര്‍പ്പിക്കല്‍ പ്രധാനമാണ്. നേര്‍പ്പിക്കാതെ ആപ്പിള്‍ സൈഡര്‍ വിനിഗര്‍ ഉപയോഗിക്കുകയേ അരുതേ.
ഒരു ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സൈഡര്‍ വിനിഗര്‍ വെള്ളത്തില്‍ ചേര്‍ത്ത് ഇതിലേക്ക് അല്‍പം ചെറുനാരങ്ങാനീരും, ഒരു സ്പൂണ്‍ തേനും ചേര്‍ത്ത് കഴിക്കാം. ഇത് ദിവസത്തിന്‍റെ ആദ്യം തന്നെ ചെയ്യാവുന്നതാണ്. ഇതൊരു ‘ഡീടോക്സിഫയിംഗ് ഡ്രിങ്ക്’ (ശരീരത്തില്‍ നിന്ന് വിഷാംശങ്ങളെ പുറന്തള്ളുന്നതിന് സഹായിക്കുന്ന പാനീയം) ആയി കഴിക്കുന്നവര്‍ ഏറെയാണ്.
സ്മൂത്തികളിലും ആപ്പിള്‍ സൈഡര്‍ വിനിഗര്‍ ചേര്‍ക്കാവുന്നതാണ്. പഴങ്ങളോ, പച്ചക്കറികളോ എല്ലാം ചേര്‍ത്ത് യ്യാറാക്കുന്ന സ്മൂത്തികളിലെല്ലാം അല്‍പം ചേര്‍ത്ത് കഴിക്കാം. ചിലര്‍ സാലഡുകളില്‍ ഡ്രസിംഗായും ചേര്‍ക്കും. ഇതും നല്ലതാണ്. ഹെര്‍ബല്‍ ചായകളിലും അല്‍പം ചേര്‍ത്ത് കഴിക്കാം. എന്തായാലും അമിതമാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതുപോലെ നേരിട്ട് ആപ്പിള്‍ സൈഡര്‍ വിനിഗര്‍ കഴിക്കാതിരിക്കാനും ചര്‍മ്മത്തില്‍ അപ്ലൈ ചെയ്യാതിരിക്കാനും ശ്രദ്ധിക്കണം.
ഇനി മുഖത്ത് അപ്ലൈ ചെയ്യുന്നതിനാണെങ്കില്‍ ടോണറായും, മാസ്ക് ആയും, മുഖക്കുരുവിനുള്ളി ചികിത്സയെന്ന നിലയിലുമെല്ലാം ആപ്പിള്‍ സൈഡര്‍ വിനിഗര്‍ ഉപയോഗിക്കാവുന്നതാണ്. ടോണറായിട്ടാണെങ്കില്‍ വെള്ളവും ആപ്പിള്‍ സൈഡര്‍ വിനിഗറും തുല്യ അളവില്‍ യോജിപ്പിച്ചാണ് തേക്കേണ്ടത്. ക്ലെൻസ് ചെയ്തതിന് ശേഷം കോട്ടണ്‍ ബോള്‍ ഉപയോഗിച്ച് അപ്ലൈ ചെയ്യാം.
മാസ്കായിട്ടാണെങ്കില്‍ ഇത് തേൻ, യോഗര്‍ട്ട് എന്നിവയ്ക്കെല്ലാമൊപ്പം അല്‍പം ചേര്‍ത്ത് ഉപയോഗിക്കാം. മുഖക്കുരുവുള്ളിടത്ത് തേക്കാനാണെങ്കില്‍ നേര്‍പ്പിച്ച ആപ്പിള്‍ സൈഡര്‍ വിനിഗറില്‍ കോട്ടണ്‍ സ്വാബ് മുക്കി മുഖക്കുരുവുള്ളിടത്ത് നേരിട്ട് അപ്ലൈ ചെയ്യാം.
ആപ്പിള്‍ സൈഡര്‍ വിനിഗര്‍ ശരീരത്തിന് അകത്തോ പുറത്തോ ഉപയോഗിക്കാനാണെങ്കിലും ആദ്യം ഇതൊന്ന് പരീക്ഷിച്ച് നോക്കി എന്തെങ്കിലും അലര്‍ജിയോ പ്രയാസമോ ഉണ്ടാകുന്നുണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതാണ്. നേരത്തേ സൂചിപ്പിച്ചത് പോലെ നേര്‍പ്പിക്കാതെ ഒരു തരത്തിലും ഇത് നേരിട്ട് ഉപയോഗിക്കുകയും അരുത്.