കൊല്ലം> കശുവണ്ടി വ്യവസായത്തിന്റെ നവീകരണത്തിനും പുനരുദ്ധാരണത്തിനുമുള്ള ഒട്ടേറെ നടപടികൾ സർക്കാർ സ്വീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കശുവണ്ടി വ്യവസായമേഖലയുടെ പുനരുദ്ധാരണത്തിന് 37 കോടി രൂപ അനുവദിച്ചു. ഇതിൽ 20 കോടി രൂപ സ്വകാര്യ മേഖലയിലുൾപ്പെടെയുള്ള തൊഴിലാളികളുടെ ഇ എസ് ഐ, പി എഫ്, മറ്റ് ക്ഷേമ പ്രവർത്തനങ്ങൾ എന്നിവയ്ക്കും അഞ്ച് കോടി രൂപ തൊഴിലിടം സ്ത്രീ സൗഹൃദമാക്കുന്നതിനും 5 കോടി രൂപ ഷെല്ലിങ്ങ് യൂണിറ്റുകളുടെ നവീകരണത്തിനും ഉപയോഗിക്കും.
ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം കശുവണ്ടി വികസന കോർപ്പറേഷനിൽ 3012 തൊഴിലാളികളെ നിയമിച്ചു. 1000 തൊഴിലാളികളെ കൂടി നിയമിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. തൊഴിലില്ലാത്ത സ്വകാര്യ ഫാക്ടറികളിലെ 250 തൊഴിലാളികൾക്ക് കാപ്പക്സിൽ നിയമനം നൽകിയിട്ടുണ്ട്. തുടർന്നും സമാന രീതിയിൽ തൊഴിലാളികളെ നിയമിക്കും. ഈ മേഖലയെക്കുറിച്ച് വിദഗ്ധ സമിതി പഠിക്കുന്നുണ്ട്. റിപ്പോർട്ട് വന്നാൽ സമഗ്രമായ പരിഷ്കരണം നടപ്പാക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.