ദില്ലി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് ബിജെപിയുടെ മുതിർന്ന നേതാക്കളായ എൽകെ അദ്വാനിയെയും മുരളീമനോഹർ ജോഷിയെയും ക്ഷണിച്ച് വിശ്വഹിന്ദു പരിഷത്ത്. അദ്വാനിയും മുരളീമനോഹർ ജോഷിയും പ്രായാധിക്യത്താലുള്ള ആരോഗ്യപ്രശ്നങ്ങൾ കാരണം ചടങ്ങിന് വരേണ്ടെന്ന് ക്ഷേത്രം ട്രസ്റ്റ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരെയും വിഎച്ച്പി ക്ഷണിച്ചത്. വിഎച്ച്പി അന്താരാഷ്ട്ര വർക്കിങ് പ്രസിഡന്റ് അലോക് വർമയും സംഘവുമാണ് ക്ഷണക്കത്ത് നൽകിയത്. ചടങ്ങിനെത്താമെന്ന് ഇരുവരും സമ്മതിച്ചതായി വിഎച്ച്പി വൃത്തങ്ങൾ അറിയിച്ചു. ശ്രീരാമജന്മഭൂമി മൂവ്മെന്റിന് വിഎച്ച്പിക്കൊപ്പം മുൻനിരയിലുണ്ടായിരുന്ന നേതാക്കളാണ് ഇരുവരുമെന്നും വിഎച്ച്പി വ്യക്തമാക്കി. ബാബരി മസ്ജിദ് ധ്വംസനക്കേസിൽ ഇരുവരെയും സിബിഐ സ്പെഷ്യൽ കോടതി കുറ്റ വിമുക്തരാക്കിയിരുന്നു.
അയോധ്യയിൽ പുതിയതായി നിർമിക്കുന്ന രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിൽ ബിജെപിയുടെ മുതിർന്ന നേതാക്കളായ എൽ കെ അദ്വാനിയോടും മുരളിമനോഹർ ജോഷിയോടും ആരോഗ്യവും പ്രായവും കണക്കിലെടുത്ത് വരരുതെന്ന് അഭ്യർഥിച്ചെന്ന് രാമക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് മാധ്യമപ്രവർത്തകരോട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചടങ്ങിൽ ഇരുവരും പങ്കെടുക്കാൻ സാധ്യതയില്ലെന്നും അദ്ദേഹം അറിയിച്ചു. ജനുവരി 22 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന മെത്രാഭിഷേക ചടങ്ങിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് റായ് പറഞ്ഞു.
പ്രധാന ക്ഷേത്രങ്ങളായ കാശി വിശ്വനാഥ്, വൈഷ്ണോദേവി, മത, ഭരണഘടനാ സ്ഥാപനങ്ങളുടെ പ്രതിനിധികൾ എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്. ആത്മീയ നേതാവ് ദലൈലാമ, മാതാ അമൃതാനന്ദമയി, യോഗ ഗുരു ബാബാ രാംദേവ്, സിനിമാ താരങ്ങളായ രജനികാന്ത്, അമിതാഭ് ബച്ചൻ, മാധുരി ദീക്ഷിത്, അരുൺ ഗോവിൽ, ചലച്ചിത്ര സംവിധായകൻ മധുര് ഭണ്ഡാർക്കർ, പ്രമുഖ വ്യവസായികളായ മുകേഷ് അംബാനി, അനിൽ അംബാനി, പ്രശസ്ത ചിത്രകാരൻ വാസുദേവ് കാമത്ത്, ഐ.എസ്.ആർ.ഒ ഡയറക്ടർ നിലേഷ് ദേശായിയെയും ക്ഷണിച്ചു. ജനുവരി 23 ന് ക്ഷേത്രം ഭക്തർക്കായി തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.