ദില്ലി: ക്രിമിനല്‍ നിയമ ഭേദഗതി ബില്ലുകള്‍ നിയമമാകുമ്പോള്‍ നിരവധി മാറ്റങ്ങളാണ് നടപ്പില്‍ വരുന്നത്. നിയമത്തിലെ വകുപ്പുകള്‍ മുതല്‍ വിവിധ കുറ്റങ്ങള്‍ക്കുള്ള ശിക്ഷാ കാലാവധിയില്‍ വരെ മാറ്റങ്ങള്‍ സംഭവിക്കും. ഇതിനോടകം വിവാദമായ ബില്ലുകള്‍ പ്രതിപക്ഷമില്ലാത്ത പാർലമെൻറില്‍ പാസാക്കിയെടുക്കുന്നതും വിമർശനം വർദ്ധിപ്പിക്കുന്നതാണ്.
ഇന്ത്യന്‍ ശിക്ഷാ നിയമം, ക്രിമിനല്‍ നിയമനടപടി ചട്ടം, ഇന്ത്യന്‍ തെളിവ് നിയമം എന്നിവയ്ക്ക് പകരം ഇനി ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ സംഹിത എന്നിവയായിരിക്കും. കുറ്റകൃത്യങ്ങളുടെ വകുപ്പുകളിലും ശിക്ഷ കാലാവധിയിലും ഉള്‍പ്പെടെ മാറ്റം വരുന്നുണ്ട്. കൊലപാതക കുറ്റം ഐപിസി 302 ആയിരുന്നത് പുതിയ നിയമത്തില്‍ ബിഎൻഎസ് 102 ആവും. പരാതിക്കാർക്ക് ഏത് പോലീസ് സ്റ്റേഷനിലും പരാതി നല്‍കാമെന്നതാണ് പുതിയ നിയമത്തിലെ സവിശേഷതയാണ്.
വാഹനം ഇടിച്ച ശേഷം നിർത്താതെ പോയാൽ പരമവാധി ശിക്ഷ പത്ത് വർഷം തടവായി വര്‍ദ്ധിക്കുമെന്നതാണ് പ്രധാനപ്പെട്ട മറ്റൊരു മാറ്റം. ബലാത്സംഗത്തിന് ഏഴ് വർഷം തടവ് എന്നത് 10 വർഷമായി മാറും. രാജ്യത്തിന്‍റെ സാമ്പത്തിക സുരക്ഷക്ക് എതിരായ അതിക്രമം ഭീകര പ്രവർത്തന പരിധിയില്‍ കൊണ്ടുവന്നു. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് വധശിക്ഷ വരെ ലഭിക്കാം. തെളിവുകള്‍ ഇലക്ട്രോണിക്സ് രൂപത്തില്‍ സ്വീകരിക്കാന്‍ ഭാരതീയ സാക്ഷ്യ ബില്ലില്‍ വ്യവസ്ഥയുണ്ട്. കേസുകളില്‍ വാദം പൂർത്തിയായാല്‍ കോടതി 45 ദിവസത്തിനുള്ളില്‍ വിധി പറയുകയും വേണം.
നിലവിലുള്ള ഇന്ത്യന്‍ ശിക്ഷാ നിയമം 1860ലും ഇന്ത്യന്‍ തെളിവ് നിയമം 1872ലും ക്രിമിനല്‍ നിയമനടപടി ചട്ടം 1898ലും പ്രാബല്യത്തില്‍ വന്നതാണ്. പുതിയ ഭേദഗതിയോടെ ഇവ മാറുകയാണ്. പാര്‍ലമെന്റിലെ ബഹുഭൂരിപക്ഷം പ്രതിപക്ഷ എം.പിമാരും സസ്‍പെന്‍ഷനിലായിരുന്ന സമയത്ത് ശബ്ദ വോട്ടോടെയാണ് ലോക്സഭ ബില്ലുകള്‍ പാസാക്കിയതെന്നത് വലിയ വിമര്‍ശനം വിളിച്ചുവരുത്തുന്നുണ്ട്.