തിരുവനന്തപുരം : ലോകായുക്ത നിയമഭേദഗതിയില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കിയതിന് പിന്നാലെ ഇനി ഗവര്‍ണറുടെ നീക്കം നിര്‍ണ്ണായകം. നിയമഭേഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഇന്ന് നിലപാട് എടുത്തേക്കും. ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പ് വച്ചാല്‍ പ്രതിപക്ഷം നിയമനടപടികളിലേക്ക് നീങ്ങും. ഓര്‍ഡിനന്‍സ് തിരിച്ചയച്ചാല്‍ സര്‍ക്കാരിന് വന്‍ തിരിച്ചടിയാകും. ലോകായുക്ത നിയമത്തിലെ 14 ാം വകുപ്പ് പ്രകാരം പൊതുപ്രവര്‍ത്തകര്‍ അഴിമതി നടത്തിയാല്‍ പദവിയില്‍ നിന്ന് നീക്കം ചെയ്യാം എന്ന വ്യവസ്ഥ ഭരണഘടന വിരുദ്ധമാണെന്നാണ് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് നല്‍കിയ മറുപടി. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയ ശേഷമാണ് വിശദീകരണം നല്‍കിയത്. ലോക്പാല്‍ നിയമം നിലവിലുള്ള സാഹചര്യത്തില്‍ ലോകായുക്ത സംസ്ഥാന വിഷയമാണ്. അതുകൊണ്ട് നിയമഭേദഗതി സംസ്ഥാന സര്‍ക്കാരിന് തന്നെ വരുത്താം.
നിയമത്തില്‍ മാറ്റം വരുത്താന്‍ രാഷ്ട്രപതിയുടെ അംഗീകാരം വേണ്ടെന്നും സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. വിവാദങ്ങള്‍ ശക്തമായതോടെയാണ് ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണറുടെ ഇടപെടല്‍ ഉണ്ടായത്. ഓര്‍ഡിനന്‍സ് ഭരണഘടന വിരുദ്ധമാണോ, രാഷ്ട്രപതിയുടെ അനുമതി ആവശ്യമുണ്ടോ തുടങ്ങിയ പരാതിയില്‍ വിശദീകരണം വേണമെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നത്. യുഡിഎഫിന്റെ പരാതിയെ തുടര്‍ന്നായിരുന്നു ഗവര്‍ണറുടെ നടപടി. ലോകായുക്തയുടെ അധികാരം കവരും വിധത്തില്‍ നിയമ നിര്‍മാണം നടത്താനാണ് സര്‍ക്കാര്‍ നീക്കം. ലോകയുക്ത വിധി സര്‍ക്കാരിന് തള്ളാന്‍ അധികാരം നല്‍കുന്നതാണ് പുതിയ ഭേദഗതി. ലോകായുക്ത ജഡ്ജിയുടെ യോഗ്യതയും ഇളവ് ചെയ്യും. സുപ്രീം കോടതിയില്‍ ജഡ്ജി ആയിരുന്ന വ്യക്തിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന വ്യക്തിയോ ആണ് ലോകായുക്ത ആയിരുന്നത്. ഈ പദവി ഇളവ് ചെയ്തു.
പുതിയ ഭേദഗതി പ്രകാരം ഹൈക്കോടതി ജഡ്ജിയായിരുന്ന വ്യക്തിക്ക് ലോകായുക്തയാകാം. ഹൈക്കോടതിയിലെ നിലവിലുള്ള ജഡ്ജിക്ക് ഉപലോകായുക്തയാകാമെന്ന വ്യവസ്ഥയും മാറ്റി. ഭേദഗതി അംഗീകരിച്ചാല്‍ വിരമിച്ച ഹൈക്കോടതി ജഡ്ജിമാര്‍ക്ക് മാത്രമാകും ഇനി ഉപലോകായുക്ത ആകാന്‍ കഴിയുക. ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ അംഗീകരിച്ചാല്‍ ലോകായുക്ത പിന്നെ പേരിന് വേണ്ടി മാത്രമാകും. ലോകായുക്ത ഭേദഗതി ചര്‍ച്ചകള്‍ തുടങ്ങിയത് 2020 ഡിസംബറില്‍ ആണ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് ഭേദഗതി ആഭ്യന്തര വകുപ്പിനോട് നിര്‍ദ്ദേശിച്ചത്. ആഭ്യന്തര വകുപ്പ് ഈ ഫയല്‍ നിയമ വകുപ്പിന് കൈമാറുകയായിരുന്നു. മുഖ്യമന്ത്രിക്കും മന്ത്രി ആര്‍ ബിന്ദുവിനും എതിരായ പരാതി ലോകയുക്തയില്‍ നിലനില്‍ക്കേയാണ് സര്‍ക്കാര്‍ നീക്കം. ദുരിതാശ്വാസ നിധി തുക വക മാറ്റി എന്ന പരാതി ആണ് മുഖ്യമന്ത്രിക്ക് എതിരെ ലോകായുക്തയില്‍ ഉള്ളത്.
അന്തരിച്ച എന്‍ സി പി നേതാവ് ഉഴവൂര്‍ വിജയന്റെ മക്കളുടെ വിദ്യാഭ്യാസത്തിനു 25 ലക്ഷം നല്‍കി, അന്തരിച്ച എം എല്‍ എ രാമചന്ദ്രന്‍ നായരുടെ കാറിന്റെ വായ്പ അടക്കാനും സ്വര്‍ണ്ണ പണയ വായ്പ എടുക്കാനും 8.5 ലക്ഷം നല്‍കി, കോടിയേരി ബാലകൃഷ്ണന്റെ സുരക്ഷയില്‍ ഉള്‍പ്പെട്ട പോലീസുകാരന്‍ അപകടത്തില്‍പെട്ടപ്പോള്‍ കുടുംബത്തിന് 20 ലക്ഷം നല്‍കി എന്നിങ്ങനെയാണ് മുഖ്യമന്ത്രിക്ക് എതിരെയുള്ള മൂന്ന് കേസുകള്‍. കണ്ണൂര്‍ വിസിയായി ഡോ ഗോപിനാഥ് രവീന്ദ്രന് പുനര്‍ നിയമനം നല്‍കണമെന്ന് ശുപാര്‍ശ ചെയ്ത് മന്ത്രി ആര്‍ ബിന്ദു ഗവര്‍ണര്‍ക്ക് കത്തയച്ചത് ചട്ടലംഘനവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്നാണ് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രി ബിന്ദുവിനെതിരെ ലോകായുക്തയില്‍ കേസ് വന്നത്. ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന കെ ടി ജലീലിനെതിരെ ബന്ധുനിയമന വിവാദത്തില്‍ ലോകായുക്ത വിധി ഉണ്ടായിരുന്നു.
ബന്ധുനിയമന വിഷയത്തില്‍ ജലീല്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നും മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നുമായിരുന്നു ലോകായുക്തയുടെ നിരീക്ഷണം. തുടര്‍ന്ന് മന്ത്രി രാജിവച്ചു. ലോകായുക്ത വിധിക്കെതിരെ കെ ടി ജലീല്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇടപെടാന്‍ കോടതി തയാറായില്ല. മന്ത്രിയുടെ രാജിയിലേക്ക് വരെ നയിച്ച ഉത്തരവുകള്‍ പുറപ്പെടുവിച്ച ലോകായുക്തക്കെതിരെയാണ് ഇപ്പോള്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നത്.