കൊച്ചി: എറണാകുളത്ത് രണ്ടു കേസുകളിലായി കഞ്ചാവ് വിൽപനക്കാരായ രണ്ടു ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിലായി. കാക്കനാട് ഭാഗങ്ങളിൽ കച്ചവടം നടത്തിയിരുന്ന ബംഗാൾ മുർഷിദാബാദ് സ്വദേശി സരിഫുൾ ഷേക്ക്, കാക്കനാട് മലയപ്പള്ളി ഭാഗത്ത് നിന്ന് മറ്റൊരു മുർഷിദാബാദ് സ്വദേശി അബു ഹനീഫ് എന്നിവരാണ് പിടിയിലായത്. എക്സൈസ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടി.പി സജീവ് കുമാറും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ സരിഫുൾ ഷേക്കിൽ നിന്ന് പത്ത് കിലോഗ്രാം കഞ്ചാവും, അബു ഹനീഫിൽ നിന്ന് രണ്ട് കിലോഗ്രാം കഞ്ചാവും കണ്ടെടുത്തു. രണ്ടാഴ്ച കൂടുമ്പോൾ വിമാന മാർഗ്ഗം നാട്ടിൽ ചെന്ന് 15 കിലോ വീതം കഞ്ചാവ് ബാഗുകളിലാക്കി ട്രെയിനിൽ കൊണ്ടുവന്ന് വില്പന നടത്തിയിരുന്നയാളാണ് പിടിയിലായ സരിഫുൾ ഷേക്ക്. വാഴക്കാല കമ്പിവേലിക്കകം ഭാഗത്ത് നിന്നാണ് ഇയാളെ തന്ത്രപരമായി പിടികൂടിയത്. എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ എം.ടി ഹാരീസ്, ഷിഹാബുദ്ദിൻ, ജയിംസ് ടി.പി, സിവിൽ എക്സൈസ് ഓഫീസർമാരായ എം.എം. അരുൺ കുമാർ, ബസന്ത് കുമാർ, ശ്രീകുമാർ, ബദർ അലി, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ മേഘ എന്നിവരും ഇവരെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.