ചെന്നൈ: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസില്‍ തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.പൊന്മുടിക്കും ഭാര്യക്കും മൂന്ന് വര്‍ഷം തടവ്. ഇരുവരും 50 ലക്ഷം രൂപ വീതം പിഴയും അടയ്ക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. അതേ സമയം എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടെങ്കിലും മന്ത്രി തത്കാലം രാജിവയ്ക്കില്ല. വകുപ്പുകൾ 2 മന്ത്രിമാർക്ക് കൈമാറി ഗവർണർ ഉത്തരവിറക്കി.
ഭാവിതലമുറയുടെ വിധി നിര്‍ണയിക്കുന്ന വിദ്യാഭ്യാസ വകുപ്പിലിരുന്ന് അഴിമതി നടത്തിയ മന്ത്രിയെ വെറുതെവിടാനാകില്ലെന്ന നിരീക്ഷണത്തോടെയാണ് കെ. പൊന്മുടിയെ മദ്രാസ് ഹൈക്കോടതി ശിക്ഷിച്ചത്. 2006നും 2011നും ഇടയിലെ കരുണാനിധി സര്‍ക്കാരിന്‍റെ കാലത്ത് മന്ത്രി സമ്പാദിച്ച സ്വത്തിൽ 65 ശതമാനവും അനധികൃത മാര്‍ഗ്ഗത്തിലുള്ളതാണ്. 50 ലക്ഷം രൂപ വീതം പിഴയടച്ചില്ലെങ്കില്‍ 6 മാസം കൂടി തടവുശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും കോടതി ഉത്തരവിട്ടു.
ജനപ്രാതിനിധ്യനിയമത്തിലെ 8.1 വകുപ്പ് പ്രകാരം ശിക്ഷാവിധിയോടെ മന്ത്രിക്ക് എംഎൽഎ സ്ഥാനം നഷ്ടമായി. എന്നാൽ മന്ത്രി നൽകിയ മെഡിക്കൽ രേഖകൾ പരിഗണിച്ച ഹൈക്കോടതി കീഴടങ്ങാൻ 30 ദിവസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. ഉടൻ സുപ്രീം കോടതിയെ സമീപിക്കും എന്ന് മന്ത്രിയുടെ അഭിഭാഷകൻ പറഞ്ഞു. 1989 മുതൽ ഡിഎംകെ അധികാരത്തിലെത്തിയപ്പോഴെല്ലാം മന്ത്രിയായിട്ടുള്ള പൊന്മുടിക്കെതിരായ ശിക്ഷാവിധി പാര്‍ട്ടിക്കും മുഖ്യമന്ത്രി സ്റ്റാലിനും പ്രഹരമായി.
കള്ളപ്പണക്കേസില്‍ ഇഡി അറസ്റ്റുചെയ്ത സെന്തിൽ ബാലാജി വകുപ്പില്ലാ മന്ത്രിയായി പുഴൽ ജയിലില്‍ കഴിയുമ്പോഴാണ്, മന്ത്രിസഭയിലെ അഞ്ചാമനായ പൊന്മുടിക്കെതിരായ ശിക്ഷാവിധി. ഡിഎംകെ അഴിമതിക്കാരെന്ന ആക്ഷേപം ബിജെപി കടുപ്പിക്കുമ്പോൾ പ്രധാന പ്രതിപക്ഷമായ എഐഎഡിഎംകെ നിരയിലെ മൗനവും ശ്രദ്ധേയമാകുന്നുണ്ട്.