തിരുവനന്തപുരം: ചിറയിൻകീഴിൽ ഭിന്നശേഷിക്കാരിയായ മകളെ അമ്മ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം കിണറ്റിൽ തള്ളിയ സംഭവത്തിന് പിന്നിൽ കുടുംബപ്രശ്നങ്ങളെന്ന് സൂചന. പൊലീസ് സ്റ്റേഷനിലെത്തി അമ്മ കുറ്റസമ്മതം നടത്തിയപ്പോഴാണ് ക്രൂര കൃത്യത്തിന്‍റെ ചുരുളഴിഞ്ഞത്. എട്ട് വയസുകാരി അനുഷ്കയാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ 11 മണിയോടെ പൊലീസ് സ്റ്റേഷനിലെത്തിയാണ് അനുഷ്കയുടെ അമ്മ മിനിയുടെ കുറ്റസമ്മതം. കുടുംബ പ്രശ്നങ്ങളും ഭർത്താവിന്‍റെയും മകളുടെയും അസുഖവും മൂലമുള്ള മാനസിക സംഘർഷമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. അനുഷ്കയെ കിടപ്പ് മുറിയിലെ തലയണ വെച്ച് ശ്വാസം മുട്ടിച്ച് കൊന്ന ശേഷം കിണറ്റിൽ ഉപേക്ഷിക്കുകയായിരുന്നു.
മിനിയുടെ ഭർത്താവ് ആറ് മാസമായി ക്യാൻസർ ബാധിതനാണ്. ചൊവ്വാഴ്ച ഭർത്താവിനെ ബന്ധുക്കള്‍ ചികിത്സക്ക് ആശുപത്രിയിൽ കൊണ്ടു പോയി തിരിച്ചെത്തിയപ്പോള്‍ മുതലാണ് മിനിയെയും മകളെയും കാണാതായത്. വീട് പൂട്ടിയ നിലയിലുമായിരുന്നു. തുടർന്ന് ചിറയിൻകീഴ് പൊലീസിൽ പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് വീട്ടിൽ നടത്തിയ പരിശോധനയിൽ ഫാനിൽ ഒരു ഷാള്‍ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയിരുന്നു. എന്നാൽ മറ്റ് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.
തുടർന്ന് ഇന്ന് രാവിലെ 11 മണിയോയെ സ്റ്റേഷനിലെത്തി മിനി നടത്തിയ കുറ്റസമ്മതത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വീടിന് സമീപത്തെ കിണറ്റിൽ നിന്ന് അനുഷ്കയുടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം നടപടികള്‍ക്കായി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.