ബംഗളുരു: ബംഗളുരുവില്‍ ഉള്‍പ്പെടെ കർണാടകയില്‍ ക്രിസ്മസിനും പുതുവത്സരാഘോഷങ്ങൾക്കും കടുത്ത നിയന്ത്രണമില്ല. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ചേർന്ന കൊവിഡ് ടെക്നിക്കൽ അഡ്വൈസറി കമ്മിറ്റി യോഗത്തിലാണ് തീരുമാനം. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്ന് ബെംഗളുരുവിലേക്ക് യാത്ര ചെയ്യുന്നതിന് കടുത്ത നിയന്ത്രണങ്ങൾ ഉണ്ടാവില്ല. എന്നാൽ കേരളത്തിന്‍റെയും മഹാരാഷ്ട്രയുടെയും അതിർത്തി പ്രദേശങ്ങളിലെ ആശുപത്രികളിൽ നിരീക്ഷണം ശക്തമാക്കും.
മുതിർന്ന പൗരൻമാർക്ക് മാസ്ക് നിർബന്ധമെന്ന ചട്ടം തുടരും. കൊവിഡ് ടെസ്റ്റിന്‍റെ നിരക്ക് കൂട്ടും. സ്കൂളുകൾക്ക് നിലവിൽ അവധിയായതിനാൽ പിന്നീട് സാഹചര്യം പരിശോധിച്ച് നിയന്ത്രണങ്ങൾ ആവശ്യമെങ്കിൽ നടപ്പാക്കും. കർണാടകയിൽ 105 സജീവ കൊവിഡ് കേസുകളാണ് നിലവിലുള്ളത്. പുതിയതായി 15 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.