തൃശൂര്‍: ന്യൂജെൻ മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ കുന്നംകുളത്ത് പിടിയിൽ. മലപ്പുറം താനാളൂര്‍ പാണ്ടിയാട് സ്വദേശി വിഷാരത്ത് വീട്ടില്‍ മുഹമ്മദ് സിനാന്‍ (21), മലപ്പുറം താനാളൂര്‍ കെ.ഡി. ജാറം സ്വദേശി ഉള്ളാട്ടില്‍ വീട്ടില്‍ സൈനുല്‍ ആബിദ് (24) എന്നിവരാണ് പിടിയിലായത്. കുന്നംകുളം പൊലീസും കുന്നംകുളം റെയ്ഞ്ച് എക്‌സൈസ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്.
ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി മേഖലയില്‍ ലഹരി വസ്തുക്കള്‍ എത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് അക്കിക്കാവില്‍നിന്ന് പ്രതികള്‍ പിടിയിലായത്. ഇവര്‍ ഉപയോഗിച്ച സ്‌കൂട്ടറും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ക്രിസ്മസ്, ന്യൂയര്‍ ആഘോഷങ്ങളുടെ ഭാഗമായി ലഹരി വസ്തുക്കളുടെ ഉപയോഗവും വില്പനയും തടയാന്‍ മേഖലയില്‍ പരിശോധന ശക്തമാക്കിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ. ഷാജഹാനന്‍, കുന്നംകുളം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.എ. സജീഷ് കുമാര്‍, കുന്നംകുളം അഡീഷണല്‍ സബ് ഇന്‍സ്‌പെക്ടര്‍ പോളി, എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എ.സി. ജോസഫ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സന്തോഷ്, നിതീഷ്, സതീഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ മഹേഷ്, വിജിത്ത്, ശ്യാംരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
വയനാട് കൽപ്പറ്റയിലും ക്രിസ്തുമസ്-പുതുവത്സരാഘോഷം ലഹരിമുക്തമാക്കുന്നതിന്റെ ഭാഗമായി എക്‌സൈസ് നടത്തിവരുന്ന പരിശോധനയില്‍ യുവാവിനെ കഞ്ചാവുമായി പിടികൂടി. പെരുന്തട്ട വെള്ളാരംകുന്ന് നെടുപ്പാറ സ്വദേശി ഷംജാദ് (38) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നും വില്‍പ്പനക്കായി സൂക്ഷിച്ച 80 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കല്‍പ്പറ്റ എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ പി. ബാബുരാജ്, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.എം. ലത്തീഫ്, കെ.പി. പ്രമോദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ. ശ്രീധരന്‍, എം.വി. പ്രജീഷ്, കെ. മിഥുന്‍, കെ. റഷീദ്, ഇ.എസ്. ജെയ്‌മോന്‍, ഡ്രൈവര്‍ എം.വി. അബ്ദു റഹീം എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.