ഗാസ: ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരു കുടുംബത്തിലെ 70-ലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 56 കാരനായ ഇസ്സാം അൽ മുഗ്‌റാബി, ഭാര്യ, അഞ്ച് കുട്ടികൾ, മറ്റ് ബന്ധുക്കൾ എന്നിവരാണ് കൊല്ലപ്പെട്ടത്. ഗാസ സിറ്റിക്ക് സമീപം ബോംബാക്രമണത്തിൽ കുടുംബത്തിലെ 70ലധികം പേർ കൊല്ലപ്പെട്ടതായി യുഎൻ ഡെവലപ്‌മെന്റ് പ്രോഗ്രാം (യുഎൻഡിപി) പ്രസ്താവനയിൽ പറഞ്ഞു. യുഎൻ സഹായ പ്രവർത്തകനും കൊല്ലപ്പെട്ടു. 11 ആഴ്ച മുമ്പ് തുടങ്ങിയ ഓപ്പറേഷൻ വാൾസ് ഓഫ് അയൺ നിർത്തിവെക്കില്ലെന്ന് ഇസ്രയേൽ അറിയിച്ചിരുന്നു. ഹമാസിന്റെ ശക്തികേന്ദ്രങ്ങളായി കണക്കാക്കപ്പെടുന്ന ഗാസ സിറ്റിയിലും തെക്കൻ നഗരമായ ഖാൻ യൂനിസിലുമാണ് ഇപ്പോൾ പോരാട്ടം കേന്ദ്രീകരിച്ചിരിക്കുന്നത്. യുദ്ധം എത്രയും പെട്ടെന്ന് നിർത്തിവെക്കണമെന്നും ഗാസ അനുഭവിക്കുന്നത് വിവരിക്കാനാത്ത കെടുതിയാണെന്നും യുഎൻഡിപി അറിയിച്ചു. ഗാസയിലെ 2.3 ദശലക്ഷം ജനങ്ങളിൽ ഏകദേശം 85% ആളുകളെ മാറ്റിപ്പാർപ്പിക്കുകയും തീരപ്രദേശത്തെ പ്രദേശങ്ങൾ കാലിയാക്കുകയും ചെയ്തു.
ഐക്യരാഷ്ട്രസഭയിൽ നിന്നും മറ്റ് ഏജൻസികളിൽ നിന്നുമുള്ള റിപ്പോർട്ട് അനുസരിച്ച്, ഗാസയിലെ അര ദശലക്ഷത്തിലധികം ആളുകൾ പട്ടിണിയിലാണ്. സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെ യുഎസ് പിന്തുണച്ചിരുന്നുവെങ്കിലും മരണസംഖ്യ കുതിച്ചുയരുന്നതിൽ ആശങ്ക പ്രകടിപ്പിച്ചു. സിവിലിയൻ ജനതയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ശനിയാഴ്ച ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനോട് സംസാരിച്ചതായി വൈറ്റ് ഹൗസ് പറഞ്ഞു.