പാലക്കാട്: പാലക്കാട് ധോണിയിലെ ജനവാസ മേഖലയിൽ ഭീതി പരത്തി വീണ്ടും ഒറ്റയാനിറങ്ങി. ധോണി സ്വദേശി മോഹനൻ്റെ വയലിലാണ് ആന ഇറങ്ങിയത്. പ്രദേശത്തെ ഒരേക്കറിനടുത്ത് കൃഷി ആന നശിപ്പിച്ചു.
അകത്തേത്തറ പഞ്ചായത്തിലെ ക്വാറിക്ക് സമീപത്തെ കൃഷിയിടത്തിലാണ് ഒറ്റയാനിറങ്ങിയത്. പുലർച്ചെ അഞ്ച് മണിയോടെയാണ് കാട്ടാനയെത്തിയത്. കമ്പിവേലി തകർത്ത് കൃഷിയിടത്തിലേക്ക് പ്രവേശിച്ചു. ഒരേക്കർ നെൽകൃഷി പൂർണമായും നശിപ്പിച്ചു. നെല്ല് കൊയ്യാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കേയാണ് ഒറ്റയാന്റെ പരാക്രമം.
ചെറിയ ഇടവേളയ്ക്ക് ശേഷം നെൽവിളയുമ്പോൾ തന്നെ വീണ്ടും ആന ഇറങ്ങിയതിൻ്റെ ആശങ്കയിലാണ് കർഷകരും നാട്ടുകാരും. ആനത്താരയിൽ ഫെൻസിങ്ങ് സ്ഥാപിക്കണമെന്നും ദ്രുത കർമ്മ സേന സജീവമാകണമെന്നുമാണ് ഇവരുടെ ആവശ്യം.