ദില്ലി: ജമ്മുകശ്മീരില്‍ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനെ ഭീകരർ കൊലപ്പെടുത്തി. പൊലീസ് ഉദ്യോഗസ്ഥനായിരുന്ന മുഹമ്മദ് ഷാഫിക്ക് നേരെയാണ് ആക്രമണം നടന്നത്. പൂഞ്ചില്‍ സൈനികരെ വധിച്ച ഭീകരർക്കായി തെരച്ചില്‍ നടക്കുമ്പോഴാണ് വീണ്ടും ആക്രമണം ഉണ്ടായത്. ജമ്മുകശ്മീരിലെ ബാരമുള്ളയില്‍ വച്ചാണ് വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന് നേരെ ഭീകരര്‍ ആക്രമണം നടത്തിയത്. പള്ളിയില്‍ പ്രാർത്ഥിച്ച് കൊണ്ടിരിക്കുമ്പോഴായിരുന്നു മുന്‍ എസ്‍എസ്‍പി ആയിരുന്ന മുഹമ്മദ് ഷാഫിക്ക് നേരായ ആക്രമണം. മേഖലയില്‍ ഭീകരർക്കായി വ്യാപക തെരച്ചില്‍ നടന്നുവരികയാണ്. ഭീകരപ്രവർത്തനം അവസാനിപ്പിക്കാനുള്ള മാർഗം സർക്കാർ കണ്ടെത്തണമെന്ന് നാഷണള്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള പറഞ്ഞു. സൈന്യത്തെയും പൊലീസിനെയും ഉപയോഗിച്ച് ഭീകരവാദം അവസാനിപ്പിക്കാനാകില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
കഴിഞ്ഞ ദിവസം പൂഞ്ചില്‍ സൈനീകർക്ക് നേരെ ഭീകരർ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ബാരമുള്ളയിലും ആക്രമണം ഉണ്ടായത്. പൂഞ്ചില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ നാല് സൈനീകർ വീരമൃത്യു വരിച്ചിരുന്നു. പ്രദേശത്ത് ഭീകരർക്കായുളള തെരച്ചില്‍ തുടരുകയാണ്. വീരമൃത്യു വരിച്ച നാല് സൈനീകരുടെ മൃതദേഹം ഇന്ന് വ്യോമാർഗം ജമ്മുവില്‍ എത്തിച്ചു. ഇതിനിടെ ജമ്മുകശ്മീരില്‍ സൈന്യം കസ്റ്റഡിയിലെടുത്ത മൂന്ന് ജമ്മുകശ്മീര്‍ സ്വദേശികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വിമർശനം ഉയർത്തുകയാണ്. ക്രൂരമായ ആക്രമണത്തിന് വിധേയമായിട്ടാണ് മൂന്ന് പേരും മരിച്ചതെന്നും സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്നും സിപിഎം പിബി കുറ്റപ്പെടുത്തി. സഹായധനം പ്രഖ്യാപിച്ചത് കൊണ്ട് മാത്രം കാര്യമില്ലെന്നും കൃത്യമായി അന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. യാഥാർത്യം മറച്ചുവെക്കാൻ സർക്കാര്‍ എല്ലാം മൂടിവെക്കുകയാണെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തിയും വിമർശിച്ചു.