ലക്കിടി : വയനാട് ലക്കിടിയിൽ ഉരുൾ പൊട്ടൽ ഭീഷണിയുള്ള സ്ഥലത്ത് തോട് കയ്യേറി അനധികൃത പാലം നിർമാണം. ഇരുമ്പ് കമ്പി ഉപയോഗിച്ച് താൽക്കാലിക പാലം നിർമ്മിക്കാൻ പഞ്ചായത്ത് നൽകിയ അനുമതിയുടെ മറവിലാണ് ഹൈ ഹസാർഡ് സോണിലെ കോണ്‍ക്രീറ്റ് പാലത്തിന്‍റെ നിർമ്മാണം. 2019 ൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ച ഉരുൾപൊട്ടൽ സാധ്യാതാ ഭൂപടത്തിൽ ഹൈ ഹസാർഡ് സോണിൽ ഉൾപ്പെടുത്തിയ മേഖലയാണിത്. വൈത്തിരി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ ഉൾപ്പെട്ട ലക്കിടിയിലാണ് 6 മീറ്റർ നീളത്തിൽ അനധികൃതമായി പാലം പണിയുന്നത്. ഇവിടെ നിർമാണ പ്രവർത്തനങ്ങൾ പാടില്ലെന്നിരിക്കെ ദുരന്ത നിവാരണ അതോറിറ്റിയും പഞ്ചായത്ത് സെക്രട്ടറിയും അനുമതി നൽകിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോഴിക്കോട് കൊടുവള്ളി സ്വദേശിയായ അബ്ദുൾ സത്താറും സംഘവും തോട് കൈയ്യേറി പാലം പണിയുന്നത്.
എന്നാൽ പാലം പണിയുന്നതിന് അനുമതി നൽകിയിട്ടില്ലെന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി ഡെപ്യൂട്ടി കളക്ടർ അബൂബക്കർ വ്യക്തമാക്കുന്നു. പഞ്ചായത്ത് സെക്രട്ടറിയോട് നിയമാനുസൃതമായ നടപടികൾ സ്വീകരിക്കാമെന്നാണ് അറിയിച്ചത്. ഇതിനിടെ സ്വകാര്യ വ്യക്തി ഹൈക്കോടതിയെ സമീപിച്ചു. ഇരുന്പ് കന്പി ഉപയോഗിച്ച് താത്ക്കാലിക പാലം പണിയുന്നതിന് തടസ്സമില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി ഹൈക്കോടതിയെ അറിയിക്കുകയും ഇതിന് അനുമതി നൽകുകയും ചെയ്തു. പക്ഷേ പണിയുന്നത് കോണ്‍ക്രീറ്റ് പാലം
ഹൈ ഹസാർഡ് സോണായതിനാൽ പാലം പണിയുന്നതിന് സമർപ്പിച്ച അപേക്ഷ ജില്ല ദുരന്ത നിവാരണ അതോറിറ്റിക്ക് കൈമാറുകയായിരുന്നുവെന്ന് വൈത്തിരി തഹസിൽദാർ വ്യക്തമാക്കി. വൈത്തിരി പഞ്ചായത്തിൽ കെട്ടിട നിർമാണത്തിന് വ്യാജ കെ.എൽ.ആർ സർട്ടിഫിക്കറ്റ് സമർപ്പിച്ച സംഭവത്തിൽ പോലീസ് അന്വേഷണം നേരിടുന്നയാളാണ് ആരോപണവിധേയനായ അബ്ദുൽ സത്താർ.