തൃശൂർ > തൃശൂർ പൂരം പ്രൗഢിയോടെ നടത്താൻ സർക്കാർ ഇടപ്പെടുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. പൂരം ത്യശൂരിൻ്റെ വികാരമാണ്. പൂരം നടത്താൻ സാധ്യമായ എല്ലാ കാര്യങ്ങളും സർക്കാർ ചെയ്യും.ഇക്കാര്യത്തിൽ ആർക്കും ആശങ്ക വേണ്ട. ദേവസ്വം ഭാരവാഹികളുമായി ചർച്ചക്ക് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൂരം പ്രദർശന വാടകവിഷയം കോടതിയുടെ പരിഗണനയിലാണ്. വാടക വിഷയത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ്, തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ അഭിപ്രായങ്ങൾ കേട്ടു. പൂരം നടത്തിപ്പിന് തടസമില്ലാത്ത വിധം പ്രശ്ന പരിഹാരം തീർപ്പാക്കാൻ സർക്കാർ ഇടപെടും. ഇക്കാര്യം ഹൈകോടതിയെ അറിയിക്കും. ജനുവരി നാലിനാണ് കോടതി വിഷയം പരിഗണിക്കുന്നത്.
പൂരം നടത്താൻ തടസമില്ലാത്ത വിധം സർക്കാർ എല്ലാ ഇടപ്പെടലും നടത്തുമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. തൃശൂർ രാമനിലയത്തിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ, റവന്യു മന്ത്രി കെ രാജൻ എന്നിവരുടെ നേതൃത്വത്തിലാണ് ദേവസ്വം ഭാരവാഹികളുമായി ചർച്ച നടത്തിയത്. ടി എൻ പ്രതാപൻ എംപി, പി ബാലചന്ദ്രൻ എം എൽ എ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം കെ സുദർശനൻ, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് ടി എ സുന്ദർമേനോൻ, സെക്രട്ടറി കെ.ഗിരീഷ്‌കുമാർ , പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ്, പ്രസിഡന്റ് ഡോ.എം ബാലഗോപാൽ, പൂരം പ്രദർശന കമ്മിറ്റി പ്രസിഡൻ്റ് രാമകൃഷ്ണൻ, സെക്രട്ടറി വി പിൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.