യാഷിന്റെ കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ രാജ്യത്തിന്റെയാകെ ശ്രദ്ധയാകര്‍ഷിക്കാൻ പ്രശാന്ത് നിലീന് കഴിഞ്ഞിരുന്നു. പ്രഭാസ് നായകനായ സലാര്‍ സിനിമയുടെ സംവിധായകൻ എന്ന നിലയിലാണ് പ്രശാന്ത് നീല്‍ നിലവില്‍ പ്രേക്ഷകരുടെ ചര്‍ച്ചയിലുള്ളത്. പ്രഭാസിന്റെ 21 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ പ്രവര്‍ത്തിച്ചവരില്‍ പ്രശാന്ത് നീലാണ് മികച്ച സംവിധായകൻ എന്ന വാക്കുകളും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. പ്രശാന്ത് നീലിന് സലാര്‍ സിനിമയ്‍ക്കായി എത്ര പ്രതിഫലം ലഭിച്ചു എന്നതും ചര്‍ച്ചയാകുന്നു.
സംവിധായകനെന്ന നിലയില്‍ പ്രശാന്ത് നീലിന് താരം മുഴുവൻ മാര്‍ക്കും നല്‍കിയത് വെറുതെയായില്ല എന്നാണ് സലാറിന്റെ വിജയം തെളിയിക്കുന്നത്. പ്രശാന്തിന് പതിഫലമായി ലഭിച്ചത് 100 കോടി രൂപയാണ് എന്നാണ് കന്നഡയില്‍ നിന്നുള്ള റിപ്പോര്‍ട്ട് എന്ന് ടോളിവുഡ് ഡോട് കോം വ്യക്തമാക്കുന്നു. പ്രശാന്ത് നീലിന് പ്രഭാസിന്റെ സലാര്‍ സിനിമ സാമ്പത്തികമായും വൻ വിജയം നല്‍കി എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. സലാര്‍ ആഗോളതലത്തില്‍ ആകെ 402 കോടി രൂപ നേടിയിട്ടുണ്ട് എന്നാണ് പുതിയ ബോക്സ് ഓഫീസ് റിപ്പോര്‍ട്ടും.
കേരളത്തില്‍ സലാര്‍ വിതരണം ചെയ്‍തത് ചിത്രത്തില്‍ വര്‍ദ്ധരാജ് മാന്നാര്‍ ആയി എത്തിയ നടൻ പൃഥ്വിരാജിന്റെ പ്രൊഡക്ഷൻസായിരുന്നു. പൃഥ്വിരാജും നിര്‍ണായക വേഷത്തില്‍ എത്തിയ ചിത്രത്തിന് കേരളത്തില്‍ മികച്ച സ്വീകാര്യതയും ലഭിച്ചിരുന്നു. സലാറിലെ പൃഥ്വിരാജിന്റെ പ്രകടനം പ്രഭാസും താരത്തിന്റെ ആരാധകരുമൊക്കെ അഭിനന്ദിച്ചിരുന്നു. സലാറിന്റെ ഇമോഷണല്‍ വശങ്ങള്‍ മികച്ചതാകാൻ ചിത്രത്തില്‍ സഹായകമായത് പൃഥ്വിരാജ് ആണ് എന്നതാണ് മിക്കവരുടെയും അഭിപ്രായങ്ങള്‍.
ഒടിടി റൈറ്റ്‍സ് നൈറ്റ്ഫ്ലിക്സാണ് നേടിയിരിക്കുന്നത് എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഒടിടി റൈറ്റ്‍സിന് സലാറിന് 160 കോടി രൂപയാണ് ലഭിച്ചത് എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. ഇത് ഒരു പ്രഭാസ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സിന് ലഭിച്ചതില്‍ വെച്ച് ഉയര്‍ന്ന തുകയാണ് സലാറിന്റേത് എന്നത് ഒരു റെക്കോര്‍ഡുമാണ്. ഒടിടി റിലീസ് പ്രഖ്യാപിച്ചിട്ടില്ല.