ഡല്‍ഹി: ഇന്ത്യ മുന്നണിയിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ ചൊല്ലി അഭിപ്രായ ഭിന്നത തുടരുന്നു. മല്ലികാർജുൻ ഖാർഗയെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആക്കണമെന്ന നിർദേശം തള്ളി ശരത് പവാർ. തെരഞ്ഞെടുപ്പിന് മുൻപ് ഇന്ത്യ മുന്നണിക്ക് പ്രധാനമന്ത്രി സ്ഥാനാർത്ഥി ആവശ്യമില്ലെന്ന് ശരത് പവർ അറിയിച്ചു.
1977ൽ മൊറാർജി ദേശായി പ്രധാനമന്ത്രി ആയതിനെ ചൂണ്ടിക്കാട്ടിയായിരുന്നു ശരത് പവാറിന്റെ പ്രതികരണം.
ഡല്‍ഹിയില്‍ നടന്ന ഇന്ത്യ മുന്നണി യോഗത്തില്‍, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു. പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജിയാണ് ആവശ്യം മുന്നോട്ടുവെച്ചത്. ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി തലവനുമായ അരവിന്ദ് കെജ്‌രിവാള്‍ നിര്‍ദേശത്തെ പിന്തുണച്ചു.
എന്നാല്‍, നീക്കത്തില്‍ നിതീഷ് കുമാര്‍ അതൃപ്തനാണെന്നും, നിതീഷിനെ വെട്ടാനാണ് മറ്റു രണ്ടു മുഖ്യമന്ത്രിമാരും ആവശ്യവുമായി രംഗത്തെത്തിയതെന്നും ബി.ജെ.പി. ആരോപിച്ചിരുന്നു.
അതേസമയം ആദ്യം വിജയിക്കട്ടെ, പ്രധാനമന്ത്രി സ്ഥാനാർഥിയാരെന്ന് പിന്നീട് ചര്‍ച്ചചെയ്യുമെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രതികരണം . തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിലും വിജയിക്കുന്നതിലും ആണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.