ശബരിമല > മണ്ഡലകാലം 39 ദിവസം പിന്നിട്ടപ്പോൾ ശബരിമലയിലെ നടവരവ് 204.30 കോടി. ഡിസംബർ 25 വരെയുള്ള മൊത്തം നടവരവ് 204,30,76,704 രൂപയാണ്. കുത്തകലേലം, കാണിക്കയായി ലഭിച്ച നാണയങ്ങൾ എന്നിവ കൂടി എണ്ണിക്കഴിയുമ്പോൾ ഈ കണക്കിൽ കാര്യമായ മാറ്റമുണ്ടാകും. കാണിക്കയായി ലഭിച്ചത് 63,89,10,320 രൂപയാണ്. അരവണ വിൽപനയിൽ 96.32 കോടി രൂപയും, അപ്പം വിൽപനയിൽ 12.38 കോടി രൂപയും ലഭിച്ചു.
മണ്ഡലകാലം തുടങ്ങി ഡിസംബർ 25 വരെ ശബരിമലയിൽ 31.43 ലക്ഷം പേരാണു ദർശനം നടത്തിയത്. ദേവസ്വം ബോർഡിന്റെ അന്നദാനമണ്ഡപത്തിലൂടെ ഡിസംബർ 25 വരെ 7.25 ലക്ഷം പേർക്ക് സൗജന്യമായി ഭക്ഷണം നൽകി. പമ്പാ ഹിൽടോപ്പിൽ രണ്ടായിരം ചെറുവാഹനങ്ങൾക്കു പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ടെന്നും ഇക്കാര്യത്തിൽ അനുമതി തേടി ദേവസ്വം ബോർഡ് ഹൈക്കോടതിയെ വീണ്ടും സമീപിച്ചിട്ടുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.