യൂട്യൂബിൽ രണ്ടു കോടി സബ്സ്ക്രൈബേഴ്സ് എന്ന നേട്ടം കൈവരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ലോക നേതാവാണ്.പ്രധാനമന്ത്രിയുടെ യൂട്യൂബ് ചാനലിൽ ഇതുവരെ 23,000 വിഡിയോകളാണ് അപ്ലോഡ് ചെയ്തിരിക്കുന്നത്. മുൻ ബ്രസീൽ പ്രസിഡന്‍റ് ജയർ ബോൽസനാരോയാണ് യൂട്യൂബിൽ ഏറ്റവും കൂടുതൽ സബ്സ്ക്രൈബേഴ്സുള്ള ലോക നേതാക്കളിൽ രണ്ടാം സ്ഥാനത്ത്. 60.44 ലക്ഷം മാത്രമാണ് സബ്സ്ക്രൈബേഴ്സ്. മെക്സികോ പ്രസിഡന്‍റ് ആന്ദ്രെസ് മാനുവൽ ലോപെസ് (40.12 ലക്ഷം), ഇന്തോനേഷ്യൻ പ്രസിഡന്‍റ് ജോകോ വിദോദോ (30.24 ലക്ഷം) എന്നീ നേതാക്കളാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിൽ. വൈറ്റ് ഹൗസിന്‍റെ പേരിലുള്ള യൂട്യൂബ് ചാനലിൽ 20.06 ലക്ഷവും യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ യൂട്യൂബ് ചാനലിൽ എട്ടു ലക്ഷവുമാണ് സബ്സ്ക്രൈബേഴ്സ്. ഇന്ത്യൻ നേതാക്കളിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാണ് മോദിയുടെ പിന്നിൽ രണ്ടാമതുള്ളത്. 30.51 ലക്ഷം സബ്സ്ക്രൈബേഴ്സ്. ശശി തരൂർ (6.11 ലക്ഷം), ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ (ആറു ലക്ഷം) എന്നിവരാണ് തൊട്ടുപിന്നിലുള്ളത്.