തിരുവനന്തപുരം : തിരുവനന്തപുരത്തെ പിഡബ്ല്യൂഡി ഉദ്യോഗസ്ഥന്റെ മരണം കൊലപാതകമെന്ന് പോലീസ്. അജികുമാറിന്റെ മരണത്തിന് പിന്നാലെ രണ്ട് സുഹൃത്തുക്കളും ദുരൂഹ സാഹചര്യത്തിൽ മരിച്ചു. മദ്യപാനത്തിനിടെ, സുഹൃത്തുക്കളാണ് അജികുമാറിനെ കൊലപ്പെടുത്തിയത്. ഇതേ തുടർന്നുള്ള തർക്കത്തിന് പിന്നാലെ സംഘത്തിലുണ്ടായിരുന്ന സജീവ് അജിത്ത് എന്നയാളെ വാഹനമിടിച്ച് കൊന്നു. മറ്റൊരു സുഹൃത്ത് ബിനുരാജ് ഇന്നലെ ബസിടിച്ച് മരിച്ചു. അറസ്റ്റിലായ സജീവിൽ നിന്നാണ് പോലീസിന് കൊലപാതകത്തിന്റെ വിവരങ്ങൾ കിട്ടിയത്. തിങ്കളാഴ്ചയാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥൻ അജികുമാറിനെ വീട്ടിന് മുന്നിൽ മരിച്ച നിലയിൽ കണ്ടത്തിയത്. അജികുമാറിനെ ഒപ്പമിരുന്ന് മദ്യപിച്ച സുഹൃത്തുക്കൾ കൊന്നതാണെന്ന് പോലീസ് കണ്ടെത്തൽ.
വർക്കല കല്ലമ്പലത്തിലെ വീട്ടിൽ ഒറ്റക്കായിരുന്നു അജികുമാറിന്റെ താമസം. അവധിക്ക് വീട്ടിൽ വരുമ്പോഴെല്ലാം അജികുമാർ സുഹൃത്തുക്കളുമായി ചേർന്ന് മദ്യപിക്കാറുണ്ട്. അജി കുമാറിന്‍റെ മരണത്തിന് ശേഷവും സുഹൃത്തുക്കൾ ഒത്തുചേർന്ന് മദ്യപിച്ചിരുന്നു. ഈ മദ്യപാന സദസിൽ വെച്ച് പ്രമോദ് എന്ന സുഹൃത്ത് കൊലപാതകത്തിന് പിന്നിൽ സജീവാണെന്ന് ആരോപിച്ചു. ഇതിന് പിന്നാലെ സജീവ് പിക്കപ്പ് വാനോടിച്ച് പ്രമോദിനെയും അജിത്ത് എന്ന മറ്റൊരു സഹൃത്തിനെയും ഇടിച്ചിട്ടു. അജിത്ത് മരിച്ചു. പ്രമോദ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. ഇതിനിടെ ബിനുരാജ് ബസിന് മുമ്പിലേക്ക് ചാടി ആത്മഹത്യ ചെയ്തു. അജികുമാറിനെ കൊല്ലുമെന്ന് ബിനുരാജ് പലരോടും പറഞ്ഞിരുന്നു. എന്തായാലും മദ്യപ സംഘത്തിലെ ഇരുപതിലേറെ പേരെ പോലീസ് തെരയുന്നുണ്ട്.