തിരുവനന്തപുരം > തമിഴ്‌നാട്ടിൽ പ്രളയദുരിത ബാധിതരെ സഹായിക്കുന്നതിന് കേരളം നൽകിയത് 10 ലോഡ് അവശ്യവസ്‌തുക്കൾ. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരമാണ് ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ സാധനങ്ങൾ ശേഖരിച്ച് തൂത്തുക്കുടിക്കും തിരുനെൽവേലിക്കും കൈമാറിയത്. ഭക്ഷണ സാമഗ്രികൾ, നിത്യോപയോഗത്തിനുള്ള പാത്രങ്ങൾ, വസ്‌ത്രങ്ങൾ തുടങ്ങിയവ വിതരണം ചെയ്‌തു. കലം, അടുപ്പ്, ചായപ്പാത്രം, സ്റ്റീൽപത്രങ്ങൾ, ഗ്ലാസുകൾ, ചെറിയ ചട്ടുകം, തവി, അലുമിനിയം ഉരുളി, കത്തി എന്നിവ ഉൾപ്പെട്ട 1000 പാത്രക്കിറ്റ് ചൊവ്വാഴ്‌ച അയച്ചു.
ചൊവ്വാഴ്‌ചയോടെ പൊതുസംഭരണം അവസാനിപ്പിക്കുമെന്ന് ദുരന്തനിവാരണ അതോറിററി അറിയിച്ചു. എൻജിഒ യൂണിയൻ, സിഐടിയു, നിരവധി പഞ്ചായത്തുകൾ, വിവിധ തമിഴ് സംഘടനകൾ, ലയൺസ്, റോട്ടറി ക്ലബ്ബുകൾ, ചാലയിലെ വ്യവസായികൾ, സ്വകാര്യസംഘടനകൾ, വ്യക്തികൾ ഉൾപ്പെടെയുള്ളവർ സംഭാവന നൽകി. കേരള വാട്ടർ അതോറിറ്റി 20000 ലിറ്റർ കുടിവെള്ളവും എത്തിച്ചു. ജലവിതരണസംവിധാനങ്ങൾ പുനഃസ്ഥാപിക്കാനും വാട്ടർ അതോറിറ്റി വിദഗ്‌ധസംഘങ്ങളെ അയച്ചിട്ടുണ്ട്.