ചെന്നൈ: വിജയ് സേതുപതി നായകനായി എത്തുന്ന മെറി ക്രിസ്മസ് റിലീസിന് ഒരുങ്ങുകയാണ്. ബോളിവുഡിലെ ഗംഭീര ത്രില്ലര്‍ ചിത്രങ്ങളുടെ സംവിധായകന്‍ ശ്രീറാം രാഘവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോളിവുഡിലെ സൂപ്പർ നായിക കത്രീന കൈഫും ചിത്രത്തില്‍ പ്രധാന വേഷത്തിൽ എത്തുന്നു. ഒരു ടൈം ട്രാവലര്‍ ക്രൈം ത്രില്ലറാണ് ഇത്തവണ ശ്രീറാം രാഘവന്‍ ഒരുക്കുന്നത്. തമിഴിലും ഹിന്ദിയിലും ഒരേ സമയം ഇറങ്ങുന്ന ചിത്രത്തില്‍ എന്നാല്‍ വിജയ് സേതുപതിയും, കത്രീനയും ഒഴികെ വ്യത്യസ്ത സ്റ്റാര്‍ കാസ്റ്റാണ്.
ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി മാഷബിളിന് നല്‍കിയ അഭിമുഖത്തില്‍ സിനിമ രംഗത്തെ ആദ്യ നാളുകളില്‍ അനുഭവിച്ച കഷ്ടപ്പാടുകളും മറ്റും വിജയ് സേതുപതിതുറന്നു പറയുകയുണ്ടായി. ഒരു കൂട്ടം വിചിത്രമായ ജോലികൾ ചെയ്തതിന് ശേഷമാണ് തന്‍റെ അഭിനയം എന്ന ആഗ്രഹം പൂര്‍ത്തിയാക്കാന്‍ ഇറങ്ങിയത് എന്നാണ് വിജയ് സേതുപതി പറയുന്നത്. തന്‍റെ കഥ വളരെ ചെറുതാണ് എന്നാണ് താരം പറയുന്നത്.
ഞാൻ ഒരു വിവാഹതനായിരുിന്നു. പിന്നെ ഭാര്യ ഗർഭം ധരിച്ചതിനാൽ എനിക്ക് ആ സമയത്ത് ജോലി വേണമായിരുന്നു. അങ്ങനെ ഞാൻ ഒരു ഇന്റീരിയർ ഡെക്കറേഷൻ ബിസിനസ്സ് ചെയ്യാൻ ശ്രമിച്ചു. അത് നന്നായി പോയില്ല. പിന്നീട് ഞാൻ ദുബായിലും ചെന്നൈയിലും അക്കൗണ്ടന്റായിരുന്നു.
താൻ വളരെ ന്തർമുഖനുമായിരുന്നുവെന്നും വിജയ് സേതുപതി വെളിപ്പെടുത്തി. അഭിനയം ഒരു കരിയറായി എടുക്കാനും അതു വഴി തന്‍റെ അന്തമുഖത്വം എന്ന സ്വഭാവത്തെ ഇല്ലാതാക്കാനും തീരുമാനിച്ചതെങ്ങനെയെന്നും അഭിമുഖത്തില്‍ വിജയ് സേതുപതി വെളിപ്പെടുത്തുന്നുണ്ട്.
“പെട്ടെന്ന് ഒരു ദിവസമാണ് ഞാൻ ഒരു നടനാകാൻ തീരുമാനിച്ചു, ഞാൻ വളരെ അന്തർമുഖനായിരുന്നു. അതിനാല്‍ തന്നെ ആ സ്വഭാവം അവസാനിരപ്പിക്കാന്‍ തീരുമാനിച്ചു. പക്ഷെ അതെങ്ങനെ ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. അങ്ങനെ ഞാൻ അഞ്ച് വർഷമായി മാർക്കറ്റിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്നു എന്ന ഒരു വ്യാജ ബയോ ഡാറ്റ ഉണ്ടാക്കി. മാര്‍ക്കറ്റിംഗില്‍ ജോലി ചെയ്താല്‍ ഒരോ ദിവസവും പുതിയ ആളുകളെ കാണാം.
അതുവഴി എന്‍റെ അപകർഷതാബോധത്തെ ഇല്ലാതാക്കാമെന്നും അന്തര്‍മുഖത്വത്തില്‍ നിന്നും പുറത്തുവരാമെന്നും ഞാൻ കരുതി. ഞാൻ മൂന്ന് മാസം അത് പരീക്ഷിച്ചു. അങ്ങനെയിരിക്കെ ഒരു ദിവസം ഞാൻ ഒരു ഡ്രാമ തിയേറ്റർ കണ്ടു. ഞാൻ അവരുടെ അടുത്ത് ചെന്ന് ആക്ടിംഗ് കോഴ്സിന് ചേര്‍ക്കാമോ എന്ന് ചോദിച്ചു.
എന്നാൽ അവര്‍ക്ക് ഒരു അക്കൗണ്ടന്‍റിനെയായിരുന്നു വേണ്ടത്. അങ്ങനെ ഞാൻ ആ തീയറ്ററില്‍ അക്കൗണ്ടന്റായി ചേർന്നു. അങ്ങനെ രണ്ടു വർഷം അവിടെ അക്കൗണ്ടന്റായിരുന്നു. അക്കൗണ്ടന്റായി ജോലി ചെയ്യുമ്പോൾ ഞാൻ അഭിനേതാക്കളെ നിരീക്ഷിക്കുകയായിരുന്നു. കാരണം അവിടെ പോയാൽ ഇവരെ നിരീക്ഷിച്ചാല്‍ എല്ലാ ഭാവങ്ങളും പഠിക്കാമെന്നും ഒരു നടനാകുമെന്നും ഞാൻ കരുതി.
അഭിനയത്തെ കുറിച്ചായിരുന്നു എന്റെ ചിന്ത. പിന്നെ ഞാൻ അവിടെ പോയി നാ മുത്തുസ്വാമി സാറിനെ കണ്ടു. അഭിനയം പഠിക്കാന്‍ കോഴ്സില്ലെന്നും, അഭിനയം പരിശീലിക്കാനെ ആകൂ എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. നടൻ പരിശീലനത്തിലൂടെ ഒരു അഭിനയം പഠിക്കണം. അവർ സ്വയം എന്തെങ്കിലും കണ്ടെത്തണം. അതുകൊണ്ട് തന്നെ അഭിനയം പഠിപ്പിക്കാൻ ആർക്കും കഴിയില്ല എന്ന് അദ്ദേഹം പറഞ്ഞു. അത് ശരിക്കും അത്ഭുതപ്പെടുത്തി. ജന്മനാ കിട്ടുന്ന കഴിവാണ് അഭിനയം. എല്ലാവർക്കും അത് ചെയ്യാൻ കഴിയില്ല എന്നതായിരുന്നു അതിന്‍റെ ചുരുക്കം”.
മുതിർന്ന നാടക പ്രവർത്തകനായ നാ മുത്തുസ്വാമി വിജയ് സേതുപതി, വിനോദിനി, വിമൽ, വിധാർത്ഥ് തുടങ്ങിയവരുടെ അഭിനയ ഗുരുക്കളില്‍ ഒരാളാണ്.
തന്‍റെ സിനിമ രംഗത്തെ ആദ്യ നാളുകളെക്കുറിച്ചും അന്ന് നേരിട്ട കഷ്ടപ്പാടുകളും മാഷബിള്‍ അഭിമുഖത്തില്‍ വിജയ് സേതുപതി വിശദമാക്കി. “ഒരു നായകനോ മികച്ച നടനോ ആകുക എന്നതായിരുന്നില്ല ആദ്യ ലക്ഷ്യം സിനിമയില്‍ അഭിനയിച്ച് പണം കിട്ടി ഒരു സെക്കൻഡ് ഹാൻഡ് പഴയ കാർ വാങ്ങുക, എല്ലാ മാസവും കൃത്യമായി വാടക കൊടുക്കുക അതുവഴി അതുണ്ടാക്കുന്ന ടെന്‍ഷന്‍ ഒഴിവാക്കുക. എന്തെങ്കിലും അവസരത്തിനായി മറ്റൊരാള്‍ക്ക് മുന്‍പില്‍ നില്‍ക്കുന്ന അവസ്ഥ ഒഴിവാക്കുക ഇതൊക്കെയായിരുന്നു ലക്ഷ്യം. എനിക്ക് ആത്മാഭിമാനം വേണമായിരുന്നു. ശരിക്കും ജീവിതം ഒരു നേര്‍വഴിയല്ല, അത് 360 ഡിഗ്രി പഠനമാണ്” – വിജയ് സേതുപതി പറയുന്നു.