ന്യൂഡൽഹി > കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഡൽഹിയിൽ വിമാനസർവീസുകളും ട്രെയിൻ സർവീസുകളും താളം തെറ്റി. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 30ലധികം സർവീസുകൾ വൈകി. കനത്ത മൂടൽമഞ്ഞ് കാരണം ഡൽഹിയിൽ ഇറങ്ങേണ്ട നിരവധി വിമാനങ്ങൾ വഴി തിരിച്ചുവിടുന്നുമുണ്ട്. സർവീസ് വൈകുന്ന പശ്ചാത്തലത്തിൽ വിമാന കമ്പനികളുമായി ബന്ധപ്പെടാൻ യാത്രക്കാർക്ക് അധികൃതർ നിർദേശം നൽകി.
കനത്ത മൂടൽമഞ്ഞ് നഗരത്തിൽ മിക്കയിടത്തും വ്യാപിച്ചതോടെ ദൂരക്കാഴ്ച കുറഞ്ഞതിനാലാണ് വിമാന സർവീസുകൾ താളം തെറ്റിയത്. കൂടുതൽ സർവീസുകൾ വൈകാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
മൂടൽമഞ്ഞ് കാരണം വടക്കൻ മേഖലയിൽ 14 ട്രെയിനുകൾ വൈകുന്നതായും നോർത്തേൺ റെയിൽവേ അറിയിച്ചു. ദുർഗ്-നിസാമുദ്ദീൻ സമ്പർക്കക്രാന്തി, പുരി-ന്യൂഡൽഹി പുരുഷോത്തം എക്‌സ്പ്രസ്, അസംഗഡ്-ഡൽഹി കൈഫിയത് എക്‌സ്പ്രസ്, ഹൗറ-ന്യൂഡൽഹി പൂർവ എക്‌സ്പ്രസ്, കാൺപൂർ-ന്യൂഡൽഹി ശ്രമശക്തി, അലഹബാദ്-ന്യൂഡൽഹി പ്രയാഗ്‌രാജ്, ഖജുരാഹോ-കുരുക്ഷേത്ര എക്സ്പ്രസ്, ഭഗൽപൂർ-ആനന്ദ് വിഹാർ വിക്രംശില്ല, ഗയ-ന്യൂ ഡൽഹി മഗധ് എക്സ്പ്രസ്, ദിബ്രുഗഡ്-ന്യൂ ഡൽഹി രാജധാനി, ഹൈദരാബാദ്-ന്യൂ ഡൽഹി തെലങ്കാന, ഹബീബ്ഗാംഗ്-ന്യൂ ഡൽഹി ഭോപ്പാൽ എക്സ്പ്രസ്, വാസ്കോ-നിസാമുദ്ദീൻ ഗോവ എക്സ്പ്രസ്, ചെന്നൈ-ന്യൂ ഡൽഹി ജിടി എക്സ്പ്രസ് എന്നിവയാണ് വൈകിയോടുന്ന ട്രെയിനുകൾ.